കൊച്ചി> വിദേശമദ്യ ഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിന് സംസ്ഥാനത്ത് പുതുതായി 175 വിൽപ്പനകേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് ശുപാർശ സമർപ്പിച്ചതായി എക്സൈസ് കമീഷണർ ഹൈക്കോടതിയെ അറിയിച്ചു.
ബവ്കോ മാനേജിങ് ഡയറക്ടർ ഈ നിർദേശം സർക്കാരിന് കൈമാറിയതായും കമീഷണർ വ്യക്തമാക്കി.മദ്യഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലാണ് കമീഷണർ വിശദീകരണം നൽകിയത്. കേരളത്തിൽ 1,13,000 പേർക്ക് ഒരു റീട്ടെയിൽ ഷോപ്പുവീതമാണുള്ളതെന്നും സംസ്ഥാനത്താകെ 306 വിദേശമദ്യ ഷോപ്പുകളാണുള്ളതെന്നും കമീഷണർ അറിയിച്ചു.
തമിഴ്നാട്ടിൽ–-6320, കർണാടക–- 8737, ആന്ധ്ര–-4380, തെലങ്കാന–-2200 എന്നിങ്ങനെയാണ് അയൽസംസ്ഥാനങ്ങളിലെ കടകളുടെ എണ്ണമെന്ന് സർക്കാർ അറിയിച്ചു.
ചില്ലറവിൽപ്പന കേന്ദ്രങ്ങളിൽ ക്യൂ ഒഴിവാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ബവ്കോയ്ക്കും കൺസ്യൂമർഫെഡിനും നിർദേശം നൽകിയതായും സത്യവാങ്മൂലത്തിൽ കമീഷണർ അറിയിച്ചു. മറ്റു കടകളിലെന്നപോലെ ഇഷ്ടാനുസരണം മദ്യം വാങ്ങിപ്പോകാനും റോഡിലും ഫുട്പാത്തിലും ക്യൂ ഒഴിവാക്കാനും നടപടി വേണമെന്ന് കോടതി നിർദേശിച്ചിരുന്നു. എല്ലാ വിൽപ്പനശാലകളിലും
വാക് ഇൻ കൗണ്ടറുകൾ ആരംഭിക്കും. നിലവിലുള്ള പ്രീമിയം കൗണ്ടറുകൾ വാക് ഇൻ കൗണ്ടറുകളാക്കി മാറ്റാനാണ് നിർദേശം.