ന്യൂഡൽഹി > റഫാൽ യുദ്ധവിമാന ഇടപാടിൽ ഫ്രഞ്ച് വിമാനനിർമാണ കമ്പനിയായ ദസോ ഇടനിലക്കാരനായ സുഷിൻ ഗുപ്തയ്ക്ക് 65 കോടിയോളം (7.5 മില്ല്യൺ യൂറോ) രൂപ കൈക്കൂലി നൽകിയതായി വെളിപ്പെടുത്തൽ. ഫ്രഞ്ച് മാധ്യമം മീഡിയപാർട്ടിന്റേതാണ് വെളിപ്പെടുത്തൽ. ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടും ഇന്ത്യൻ ഏജൻസികൾ അന്വേഷിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2018 ൽ തന്നെ കൈക്കൂലി നൽകിയതിന് തെളിവുകൾ ലഭിച്ചിരുന്നു. ഫ്രഞ്ച് വിമാനനിർമാണ കമ്പിനിയായ ദസോയുമായി 36 റഫാൽ വിമാനങ്ങൾക്കായി ഇന്ത്യ 7.8 ബില്ല്യൺ യൂറോയുടെ കരാറാണ് ഒപ്പിട്ടത്. ഈ കരാർ ഒപ്പിടുന്നതിന്റെ ഭാഗമായാണ് വ്യാജരേഖകൾ ഉപയോഗിച്ച് കൈക്കൂലി നൽകിയത്. ഇതുമായി ബന്ധപ്പെട്ട രേഖകളും മീഡിയപാർട്ട് പുറത്തുവിട്ടു. മൗറീഷ്യസ് ആസ്ഥാനമായ ഇന്റർസ്റ്റെല്ലർ ടെക്നോളജീസ് എന്ന കമ്പനി വഴിയാണ് പണം കൈമാറിയത്.
2018 ഒക്ടോബര്‍ 11ന് മൗറീഷ്യസിലെ അറ്റോണി ജനറലിന്റെ ഓഫീസ് വഴി ഇടനിലക്കാരന് കോഴ നല്‍കിയതിന്റെ എല്ലാ രേഖകളും സിബിഐയ്ക്കും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനും ലഭിച്ചിരുന്നു. വിവരങ്ങൾ ലഭിക്കുമ്പോള്‍ റഫാല്‍ ഇടപാടിനെ കുറിച്ച് അന്വേഷിക്കണമെന്ന പരാതി സിബിഐക്ക് മുന്നിലുണ്ടായിരുന്നു. എന്നിട്ടും അന്വേഷണം നടത്താൻ തയ്യാറായില്ലെന്നും മീഡിയപാര്‍ട്ട് ആരോപിക്കുന്നു.
കോഴ നൽകിയതിന്റെ വിവരങ്ങള്‍ ലഭിച്ച് 13 ദിവസം കഴിഞ്ഞാണ് അര്‍ധരാത്രിയിറങ്ങിയ ഉത്തരവിലൂടെ അന്നത്തെ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയത്. അലോക് വര്‍മയെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയത് റഫാല്‍ ഇടപാടില്‍ അന്വേഷണം നടന്നേക്കുമെന്ന സൂചനകളെ തുടര്‍ന്നാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.