കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം അടിച്ചുതകർത്ത കേസിൽ കൊച്ചി മുൻ മേയറും കോൺഗ്രസ് നേതാവുമായ ടോണി ചമ്മിണി കീഴടങ്ങി. ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് നേതാവ് സി ഐ ഷാജഹാൻ തുടങ്ങി അഞ്ച് നേതാക്കളാണ് പ്രകടനമായി എത്തി മരട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖ നേതാക്കളോടൊപ്പം പ്രകടനമായി എത്തിയാണ് പ്രതികൾ പോലീസിന് മുന്നിൽ ഹാജരായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രവർത്തകർക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പ്രകടനമായി എത്തിയ പ്രവർത്തകർ ജോജു ജോർജിന്റെ കോലം കത്തിച്ചു.
അതേസമയം തനിക്കെതിരെ വ്യാജ പരാതിയിലാണ് പോലീസ് കേസെടുത്തതെന്ന് ടോണി ചമ്മിണി പ്രതികരിച്ചു. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. അധികൃതരേയും ജനങ്ങളേയും അറിയിച്ച ശേഷമുള്ള സമരമാണ് ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് നടത്തിയത്. സാധാരണക്കാരനെ ബാധിക്കുന്ന വിഷയമായതിനാലും തീക്ഷണ വിഷയമായതിനാലും സമരവും തീക്ഷണമായിരുന്നു. സമരത്തെ അലങ്കോലപ്പെടുത്താൻ ജോജു ശ്രമിച്ചെന്നും ഇതിൽ പ്രകോപിതരായാണ് പ്രവർത്തകർ പ്രതികരിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.
കേസിൽ നേരത്തെ രണ്ട് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ലാണ് അക്രമികൾ അടിച്ചുതകർത്തത്. പോലീസ് എഫ്.ഐ.ആർ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കാറിനുണ്ടാക്കിയിരിക്കുന്നത്. കേന്ദ്രം വില കുറച്ചിട്ടും കേരളം ഇന്ധനവിലയിലെ നികുതി കുറയ്ക്കാൻ തയ്യാറായില്ല. കോൺഗ്രസിന്റെ അടുത്ത സമരം സംസ്ഥാന സർക്കാരിനെതിരെയാണെന്ന് മനസ്സിലാക്കിയപ്പോൾ സിപിഎം ജനശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ ഒത്തുകളിയാണിതെന്നും ടോണി ചമ്മിണി ആരോപിച്ചു.
ജോജു ജോർജ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഗതാഗതക്കുരുക്ക് കണ്ട ശേഷം ആരുടെ സമരം എന്ന് ചോദിച്ച ശേഷമാണ് ജോജു പുറത്തിറങ്ങിയത്. കോൺഗ്രസിന്റെ സമരമായതിനാലാണ് ജോജു പ്രതികരിച്ചത്. സംവിധായകൻ ബി ഉണ്ണികൃഷ്ണനും സിപിഎമ്മും ചേർന്നാണ് കേസിലെ ഒത്തുതീർപ്പ് ശ്രമങ്ങൾ അട്ടിമറിച്ചതെന്നും ടോണി ചമ്മിണി ആരോപിച്ചു.
ഏതൊരാൾക്കും രാഷ്ട്രീയമാകാം. പക്ഷേ ഒരു പാർട്ടിയുടെ ചട്ടുകമായി മാറി മറ്റ് രാഷ്ട്രീയ പാർട്ടികളുടെ വിഷയത്തിൽ ഇടപെടുന്നത് ശരിയല്ല. ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവർക്കും അറിയാം. സിപിഎമ്മിന് കുഴലൂതുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ടോണി ചമ്മിണി കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ സമരത്തെ അലങ്കോലമാക്കിയ ജോജു സിപിഎം ജില്ലാ സമ്മേളന റാലകളിൽ ജനങ്ങളുടെ ഗതാഗതം തടസ്സപ്പെടുമ്പോൾ എതിർപ്പ് പ്രകടിപ്പിക്കുമോയെന്നും ചമ്മിണി ചോദിച്ചു. സിപിഎം റാലിക്കെതിരെ പ്രതികരിച്ചാൽ ജോജുവിന്റെ അനുശോചനയോഗം നടത്തേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു.
പരസ്യമായി എതിർക്കുന്നത് പോയിട്ട് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ഇടാൻ പോലും ജോജുവിന് ധൈര്യമുണ്ടാകില്ല. മറ്റ് രാഷ്ട്രീയ പാർട്ടികളും മത സമുദായ സംഘടനകളും ഗതാഗതം തടസ്സപ്പെടുത്തി നടത്തുന്ന പരിപാടികൾക്കെതിരെ കൂടി പ്രതികരിച്ചാൽ മാത്രമേ ജോജു ജോർജ് കോൺഗ്രസ് സമരത്തിൽ പ്രകടിപ്പിച്ചത് തന്റെ പൊതുനിലപാടാണെന്ന് കരുതാനാകൂവെന്നും ടോണി ചമ്മിണി പറഞ്ഞു. അല്ലെങ്കിൽ കോൺഗ്രസ് സമരത്തെ അലങ്കോലമാക്കാൻ നടത്തിയ ശ്രമമാണെന്ന ആരോപണം സത്യമാണെന്ന് പൊതുസമൂഹത്തിന് മനസ്സിലാകുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Content Highlights: Congress leader tony chammini surrendered in police station