കണ്ണൂർ > ക്രിപ്റ്റോ കറൻസി വാഗ്ദാനം ചെയ്ത് നൂറുകോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ നാലുപേർ അറസ്റ്റിൽ. കാസർകോട് ആലമ്പാടിയിലെ മുഹമ്മദ് റിയാസ്(31), മഞ്ചേരി പുളിയാറമ്പിലെ സി ഷഫീക്ക്(30), കോഴിക്കോട് എരഞ്ഞിക്കലിലെ വസീം മുനവറലി(35), മലപ്പുറം വണ്ടൂരിലെ മുഹമ്മദ് ഷഫീക്ക്(28) എന്നിവരെയാണ് കണ്ണൂർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ പി പി സദാനന്ദൻ അറസ്റ്റ് ചെയ്തത്. വിവിധ സ്കീമുകളിലായാണ് ഇവർ നിക്ഷേപകരിൽനിന്ന് പണം സ്വരൂപിച്ചത്.
കണ്ണൂർ സിറ്റിയിലെ മുഹമ്മദ് നിഷാദിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മലപ്പുറം പൂക്കോട്ടുംപാടത്ത് 34 കോടി രൂപ തട്ടിപ്പുനടത്തി പിടിയിലായ മുഹമ്മദ് നിഷാദിന്റെ കൂട്ടാളികളാണ് ഇപ്പോൾ പിടിയിലായ നാലുപേരും. രണ്ടുമുതൽ അഞ്ചുശതമാനം വരെ പ്രതിദിനം പലിശ വാഗ്ദാനം ചെയ്താണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്. ആയിരത്തിലേറെ പേർ തട്ടിപ്പിനിരയായിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് വെളിവായത്.
മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിൽ 40 കോടിയും സി ഷഫീക്കിന്റെ അക്കൗണ്ടിൽ 32.52 കോടിയും വസീം മുനവറലിയുടെയും മുഹമ്മദ് ഷഫീക്കിന്റെയും അക്കൗണ്ടിൽ ഏഴുകോടിയുമാണ് ഉണ്ടായിരുന്നത്. ആക്സിസ് ബാങ്കിലെ അക്കൗണ്ട് വഴിയായിരുന്നു തട്ടിപ്പ്. ഈ അക്കൗണ്ട് മരവിപ്പിക്കാൻ പൊലീസ് നിർദേശം നൽകി. ബംഗളുരുവിലെ ലോങ്റിച്ച് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. 2019 മുതലാണ് തട്ടിപ്പ് തുടങ്ങിയത്. കമ്പനിയുടെ പിൻ സ്റ്റോക്കിസ്റ്റുമാരാണ് പിടിയിലായ നാലുപേരുമെന്ന് എസിപി പി പി സദാനന്ദൻ പറഞ്ഞു. പ്രതികളെ പിടികൂടുന്നതിന് ഒരേസമയം എട്ടിലേറെ പേരുടെ വീടുകളിലാണ് പൊലീസ് സംഘം പരിശോധന നടത്തിയത്.