അഗർത്തല
ത്രിപുരയിൽ വർഗീയ സംഘർഷങ്ങൾക്കെതിരെ പ്രതികരിച്ചവർക്കുനേരെ യുഎപിഎ ചുമത്തിയതിനെ അപലപിച്ച് പ്രതിപക്ഷ പാർടികൾ. നടപടിയിൽ സിപിഐ എം, കോൺഗ്രസ്, മറ്റ് മനുഷ്യാവകാശ സംഘടനകളടക്കം സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. രണ്ട് അഭിഭാഷകർക്കും മറ്റ് 102 പേർക്കുമെതിരെയാണ് യുഎപിഎ ചുമത്തിയത്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണമുണ്ടായ സമയത്ത് സംസ്ഥാനത്ത് വർഗീയ സംഘർഷമുണ്ടാക്കാൻ ഒരുകൂട്ടം ആളുകൾ ശ്രമിച്ചിരുന്നതായി സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.
വസ്തുതകളറിയാൻ ത്രിപുരയിലെത്തിയ അഭിഭാഷകർക്കുനേരെ കേസെടുത്തു. കേസെടുക്കണമെങ്കിൽ സാധാരണ നിയമങ്ങൾ ചുമത്താമായിരുന്നു. യുഎപിഎ പോലുള്ള കർശന നിയമങ്ങൾ ചുമത്തിയത് കടുത്ത അസഹിഷ്ണുതയാണെന്നും പ്രസ്താവനയിൽ പറഞ്ഞു. കേസ് പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ജനാധിപത്യപരമായ അവകാശങ്ങൾ ഇല്ലാതാക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ നടപടിയെന്ന് ത്രിപുര മനുഷ്യാവകാശ സംഘടന പ്രതികരിച്ചു. എഡിറ്റേഴ്സ് ഗിൽഡും പ്രതിഷേധിച്ചു.