ന്യൂഡൽഹി
മൂന്ന് വർഷത്തിനുശേഷം ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം ചേർന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് തിരിച്ചടി, കർഷകപ്രക്ഷോഭം, ഇന്ധനവിലവർധനയ്ക്കെതിരെയുള്ള ജനരോഷം, വിലക്കയറ്റം, കോവിഡ് സാഹചര്യം തുടങ്ങിയവ ചർച്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും യോഗത്തിൽ സംസാരിച്ചു. ബിജെപി ഏതെങ്കിലും കുടുംബത്തെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർടി അല്ലെന്ന് മോദി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർടി വൻ വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയും മുരളീമനോഹർജോഷിയും വീഡിയോ കോൺഫറൻസിങ് മുഖേന പങ്കെടുത്തു. ദേശീയ എക്സിക്യൂട്ടീവ് ചേരാത്തത് പാർടിക്ക് അകത്തും പുറത്തും വലിയ ചർച്ചയായിരുന്നു. മോഡി–-അമിത് ഷാ ധ്രുവങ്ങളിൽ അധികാരം കേന്ദ്രീകരിച്ചതിന്റെ ഫലമാണ് ഇതെന്ന് വിമർശം ഉയർന്നിരുന്നു.
‘കർഷകരുമായി ചർച്ചയ്ക്ക് തയ്യാർ’
കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് ബിജെപി. ദേശീയ എക്സിക്യൂട്ടീവ് തീരുമാനം വിശദീകരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഏതൊക്കെ വ്യവസ്ഥയിലാണ് വിയോജിപ്പെന്ന് കർഷകരോട് ഞങ്ങൾ ആരാഞ്ഞിട്ടുണ്ട്. എന്നാൽ, ഇതുവരെയും സർക്കാരിന് മുന്നിൽ ഒരു വിഷയവും അവർ അവതരിപ്പിച്ചിട്ടില്ലെന്ന്- നിർമല സീതാരാമൻ അവകാശപ്പെട്ടു.