ന്യൂഡൽഹി
ഹരിയാനയിൽ യുവകർഷകനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിൽ ബിജെപി എംപിക്കും ഗുണ്ടകൾക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുന്നു. ബിജെപി എംപി രാം ചന്ദർ ജംഗ്രയ്ക്കും ഗുണ്ടകൾക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഹിസാറിലെ നാർനൗദ് പൊലീസ് സ്റ്റേഷനു മുന്നിൽ വെള്ളിയാഴ്ച തുടങ്ങിയ ധർണ തുടരുന്നു. കർഷകരെ ‘തൊഴിലില്ലാത്ത മദ്യപര്‍’ എന്ന് അവഹേളിച്ച എംപിയെ കഴിഞ്ഞദിവസം കർഷകർ കരിങ്കൊടി കാട്ടി. എംപിയുടെ ഗുണ്ടകളുടെ അക്രമത്തില്‍ ഗുരുതര പരിക്കേറ്റ യുവകർഷകൻ കുൽദീപ് സാഥ്റോഡ് ഖറിനെ നാലുമണിക്കൂർ നീണ്ട അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിൽ, എംപിക്കും ഗുണ്ടകൾക്കും എതിരെ കേസെടുത്തിട്ടില്ല.
എംപിയുടെ വാഹനത്തിന് കേടുപാട് സംഭവിച്ചെന്ന കേസിൽ മൂന്ന് കർഷകർക്കെതിരെ കേസെടുക്കുകയും ചെയ്തു.എംപിക്കും ഗുണ്ടകൾക്കും എതിരെ കേസെടുക്കുക, നിരപരാധികളായ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം തുടരുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് സംയുക്ത കിസാൻമോർച്ച അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ കർഷകർ ഹിസാറിൽ എത്തും.
എസ്പി ഓഫീസ് ഖരാവോ ചെയ്യും
ഹരിയാനയിലെ ഹൻസി എസ്പിയുടെ കാര്യാലയം തിങ്കളാഴ്ച ഖരാവോ ചെയ്യുമെന്ന് സംയുക്ത കിസാൻ മോർച്ച . കർഷകരെ ആക്രമിച്ച ബിജെപി എംപിക്കും ഗുണ്ടകൾക്കും എതിരെ കേസെടുക്കാത്ത പൊലീസ് മൂന്ന് കർഷകർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കലാപശ്രമം, സർക്കാർ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. കസ്റ്റഡിയിൽ എടുത്ത കർഷകരെ പ്രതിഷേധത്തെതുടർന്ന് മോചിപ്പിച്ചു. കർഷകരെ പ്രകോപിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പൊലീസും ജെജെപിയും പിന്മാറണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.