തിരുവനന്തപുരം
വിദ്യാഭ്യാസ-, തൊഴിൽമേഖലയിൽ പുത്തനുണർവ് പകരുന്ന കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവകലാശാല നിയമം പ്രാബല്യത്തിൽ. നിയമസഭ പാസാക്കിയ ബിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഒപ്പുവച്ചു.
ഡിജിറ്റൽ സാങ്കതികവിദ്യയിലുള്ള പഠനം, ഗവേഷണം, തൊഴിൽ പ്രാപ്തി, വിജ്ഞാനവ്യാപനം എന്നിവയ്ക്കായി സംസ്ഥാനത്ത് ശിക്ഷണ -ഗവേഷണ സർവകലാശാല കൊണ്ടുവരാനാണ് നടപടി. ഇതോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കേരളയെ (ഐഐഐടിഎംകെ) ഡിജിറ്റൽ സർവകലാശാലയായി ഉയർത്തുന്ന നടപടി പൂർത്തിയായി. 2018ലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും ബജറ്റ് പ്രസംഗത്തിലും പദ്ധതിയുടെ നിർദേശം വന്നു. 2020 ജനുവരിയിൽ സർക്കാർ ഓർഡിനൻസ് ഇറക്കി. 2021 ഫെബ്രുവരിയിൽ കേരള ഡിജിറ്റൽ സർവകലാശാല ടെക്നോസിറ്റിയിൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, സൈബർ സെക്യൂരിറ്റി വിഷയങ്ങളിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളാണുള്ളത്. എഐസിടിഇ അംഗീകരിച്ച എംടെക് കോഴ്സിനൊപ്പം യുജിസി അംഗീകാരമുള്ള എംഎസ്സി, പിഎച്ച്ഡി പ്രോഗ്രാമുകളുമുണ്ട്. സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻ, ഇൻഫർമാറ്റിക്സ്, ഡിജിറ്റൽ സയൻസസ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് എന്നിങ്ങനെ അഞ്ച് സ്കൂളിനു കീഴിലാണ് നടത്തിപ്പ്.