ന്യൂഡൽഹി
കോവിഡ് ദുരിതാശ്വാസ നടപടിയുടെ ഭാഗമായി നടപ്പാക്കിയ സൗജന്യ റേഷൻ പദ്ധതി നവംബർ 30ന് അപ്പുറത്തേക്ക് നീട്ടില്ലെന്ന് കേന്ദ്ര സർക്കാർ. തൊഴിൽ നഷ്ടപ്പെട്ടവര്‍ക്കും ദരിദ്രവിഭാഗത്തിനും സഹായമായ പദ്ധതി പൊടുന്നനെ നിർത്തിയാല്‍ അത് വലിയ ആഘാതമുണ്ടാകുമെന്ന ആശങ്ക ശക്തം.
കോവിഡ് ഒന്നാം തരംഗത്തിന്റെ അവസരത്തിൽ ദുരിതാശ്വാസപാക്കേജിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) വഴി സൗജന്യ റേഷൻ തുടങ്ങിയത്. കോവിഡ് സാഹചര്യങ്ങളിൽ വലിയമാറ്റം ഉണ്ടായെന്നും 30ന് അപ്പുറത്തേക്ക് പദ്ധതി തുടരേണ്ടതില്ലെന്നുമാണ് കേന്ദ്ര തീരുമാനം. 2020 മാർച്ചിലാണ് പിഎംജികെഎവൈ ആരംഭിച്ചത്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 80 കോടി ഗുണഭോക്താക്കൾക്ക് മാസംതോറും അഞ്ചു കിലോ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതാണ് പദ്ധതി.
അതേസമയം, തീരുവ കുറയ്ക്കലും സംഭരണപരിധി ഏർപ്പെടുത്തലും കാരണം ഭക്ഷ്യഎണ്ണയുടെ വില കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്ന് കേന്ദ്രം അവകാശപ്പെട്ടു. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ എണ്ണവില ലിറ്ററിന് അഞ്ചുമുതൽ 10 രൂപവരെ കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഉത്തരേന്ത്യയിലും മറ്റും ഭൂരിഭാഗം ജനങ്ങളും പാചകത്തിന് ഉപയോഗിക്കുന്ന കടുകെണ്ണയുടെ വിലവർധനയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ഉൽപ്പാദനം കുറഞ്ഞതാണ് വിലവർധനയുടെ കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം.