ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം തീരുമാനിച്ചാൽ മൽസരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി മൽസരിച്ചല്ല. നിലവിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ് യോഗി.
താൻ എപ്പോഴും തെരഞ്ഞെടുപ്പുകളിൽ മൽസരിക്കാറുണ്ടെന്നും പാർടി നിർദേശിക്കുന്ന സ്ഥലത്ത് മൽസരിക്കാൻ ഒരുക്കമാണെന്നും യോഗി പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സമാജ്വാദി പാർടി നേതാവ് അഖിലേഷ് യാദവ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ബിഎസ്പിയുമായി *സഖ്യനീക്കത്തിന് *എഐഎംഐഎം
യുപിയിൽ ബിഎസ്പിയുമായി സഖ്യത്തിന് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം നീക്കമാരംഭിച്ചു. നൂറ് സീറ്റാണ് എഐഎംഐഎം താൽപ്പര്യപ്പെടുന്നത്. സഖ്യ ചർച്ചകൾ വിജയിച്ചില്ലെങ്കിൽ പരമാവധി സീറ്റുകളിൽ എഐഎംഐഎം തനിച്ച് മൽസരിക്കും. ബിഎസ്പി–- എഐഎംഐഎം സഖ്യചർച്ചയ്ക്ക് പിന്നിൽ ബിജെപിയാണെന്ന ആക്ഷേപം ശക്തമാണ്. ബിജെപിയുടെ മുഖ്യ എതിരാളികളായ സമാജ്വാദി പാർടി ജയന്ത് ചൗധുരിയുടെ ആർഎൽഡിയുമായും ഓംപ്രകാശ് രാജ്ഭറിന്റെ സുഹൽദേവ് ഭാരതീയ സമാജ് പാർടിയുമായും സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്പിയാകട്ടെ നിലവിൽ സംഘടനാപരമായി ദുർബലമാണ്. കഴിഞ്ഞ നിയമസഭാ–- ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷ വോട്ടുകൾ എസ്പി–- ബിഎസ്പി കക്ഷികൾക്കായി ഭിന്നിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബിഎസ്പി–- എഐഎംഐഎം ചർച്ചകളെ ബിജെപി പരമാവധി പ്രോത്സാഹിപ്പിക്കുന്നത്.