
സാൻഫ്രാൻസിസ്കോ: ഫേസ്ബുക്കിൽ പങ്കുവെക്കുന്ന ചിത്രങ്ങളിലെ ആളുകളുടെ മുഖം തിരിച്ചറിയാനായി ഉപയോഗിച്ചിരുന്ന ഫേസ് റെക്കഗ്നിഷൻ സംവിധാനം ഫേസ്ബുക്ക് ഒഴിവാക്കുന്നു. ഏറെക്കാലമായി സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ ഈ സംവിധാനത്തിനെതിരെ ഉയർന്നിരുന്നു. ഫേസ് റെക്കഗ്നിഷൻ ഒഴിവാക്കുന്നതിന്റെ ഭാഗമായി നൂറ് കോടിയോളം ഫേസ് പ്രിന്റുകൾ നീക്കം ചെയ്‌യും.
ഒരു ഗ്രൂപ്പ് ഫോട്ടോ ഫെയ്സ്ബുക്കിൽ അപ് ലോഡ് ചെയ്താൽ ആ ചിത്രത്തിലുള്ള ഓരോരുത്തരുടേയും മുഖം തിരിച്ചറിഞ്ഞ ടാഗുകൾ നിർദേശിച്ചിരുന്നത് ഈ ഫേസ് റെക്കഗ്നിഷൻ സാങ്കേതിക വിദ്യയിലൂടെയായിരുന്നു. ഫെയ്സ്ബുക്കിൽ അക്കൗണ്ട് ഇല്ലാത്തവരുടെ ചിത്രങ്ങൾ പോലും ഫേസ് പ്രിന്റുകളായി ശേഖരിക്കപ്പെട്ടിരുന്നു.
ഫെയ്സ്ബുക്കിനെതിരെയുള്ള വിവാദങ്ങൾ കത്തിനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഏറെ കാലമായി വിവാദത്തിലിക്കുന്ന ഫേസ് റെക്കഗ്നിഷൻ സംവിധാനം ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വരുന്നത് എന്നത് ശ്രദ്ധേയമാണ്.
സമൂഹത്തിൽ ഫേസ് റെക്കഗ്നിഷൻ സാങ്കേതിക വിദ്യയുടെ സ്ഥാനം സംബന്ധിച്ച് നിരവധി ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനായുള്ള കൃത്യമായ നിയമങ്ങൾ നിർമിക്കുന്ന നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഈ മാറ്റം എന്ന് മുതൽ നിലവിൽ വരുമെന്ന് വ്യക്തമല്ല. ഉപഭോക്താക്കളിൽ മൂന്നിലൊന്നിൽ അധികം പേരും ഫേസ് റെക്കഗ്നിഷൻ സിസ്റ്റത്തിന്റെ ഉപയോഗത്തിന് അനുവാദം നൽകിയവരാണ്.
ഈ സംവിധാനം പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ ഇതുവരെ ശേഖരിച്ച നൂറ് കോടിയിലധികം ഫേസ് പ്രിന്റുകൾ നീക്കം ചെയ്‌യപ്പെടുമെന്ന് കമ്പനി അറിയിച്ചു.
അടുത്തിടെയാണ് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനി മെറ്റ എന്ന പേരിലേക്ക് മാറിയത്. ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള സേവനങ്ങളും മെറ്റായുടെ കീഴിലാണ്.











