തിരുവനന്തപുരം
അരപ്പട്ടിണിക്കാരെ മുഴുപ്പട്ടിണിയിലാക്കി മണ്ണെണ്ണയ്ക്കും മോദി സർക്കാർ കുത്തനെ വിലകൂട്ടി. ഒറ്റയടിക്ക് എട്ട് രൂപയാണ് കൂട്ടിയത്. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും പിന്നാലെയാണ് ഇതും. ഒരു ലിറ്ററിന് 47ൽനിന്ന് 55 രൂപയായി. ഒറ്റത്തവണ ഇത്രയും വിലകൂട്ടുന്നത് ഇതാദ്യമാണ്.
രണ്ടുവർഷത്തിനിടെ ഗാർഹിക ആവശ്യത്തിനുള്ള മണ്ണെണ്ണയുടെ വില 37 രൂപയാണ് കൂട്ടിയത്. ഈ പകൽക്കൊള്ള മത്സ്യത്തൊഴിലാളികളെയും ആദിവാസി, മലയോര മേഖലയിലുള്ളവരെയും കാര്യമായി ബാധിക്കും. മീനിനും വിലകൂടും. കഴിഞ്ഞ വർഷമാണ് സബ്സിഡി എടുത്തുകളഞ്ഞത്.
സംസ്ഥാനങ്ങൾക്കുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്തു. കേരളത്തിന് ലഭിച്ചിരുന്ന 9264 കിലോലിറ്റർ വിഹിതം 6480 ആയി. വൈദ്യുതീകരിക്കാത്ത വീട്ടുകാർക്ക് നാല് ലിറ്ററും വൈദ്യുതീകരിച്ച വീടുകളിൽ അര ലിറ്റർ വീതവുമാണ് മാസംതോറും നൽകിയിരുന്നത്. എന്നാലിത് മഞ്ഞ, പിങ്ക്, നീല കാർഡുകാർക്ക് മൂന്ന് മാസത്തിൽ ഒരു ലിറ്ററും വെള്ള കാർഡിന് മൂന്ന് മാസം കൂടുമ്പോൾ അര ലിറ്ററുമാക്കി. തോന്നുംപടിയുള്ള വർധനയ്ക്കെതിരെ മത്സ്യത്തൊഴിലാളികളും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന് സിലിണ്ടറിന് 268 രൂപയാണ് തിങ്കൾ വർധിപ്പിച്ചത്. പെട്രോളിനും ഡീസലിനും നിത്യേന വിലവർധിപ്പിക്കുകയാണ്.