ന്യൂഡൽഹി
മൂന്ന് ലോക്സഭാ മണ്ഡലത്തിലും 14 സംസ്ഥാനത്തായി 29 നിയമസഭാ സീറ്റിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ഹിമാചൽപ്രദേശ്, ഹരിയാന, ബംഗാൾ എന്നിവിടങ്ങളിൽ സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടു. ബംഗാളില്‍ വോട്ട് വിഹിതം വൻതോതിൽ ഇടിഞ്ഞു. ബിജെപി തിരിച്ചുവരവ് ആഗ്രഹിച്ച രാജസ്ഥാനിലും മഹാരാഷ്ട്രയിലും നിയമസഭാ സീറ്റുകൾ പിടിച്ചെടുക്കാനായില്ല. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് ഏഴിടത്തുമാത്രം. അടുത്തവർഷമാദ്യം ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പുർ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയെ പാടെ തളർത്തിയ ജനവിധി.
ബിജെപി ഭരിക്കുന്ന ഹിമാചൽപ്രദേശിൽ 2019ൽ നാല് ലക്ഷം വോട്ട് ഭൂരിപക്ഷം നേടിയ മണ്ഡി ലോക്സഭാ സീറ്റ് കോൺഗ്രസിലെ പ്രതിഭ സിങ് പിടിച്ചെടുത്തു. കാർഗിൽ യുദ്ധനായകൻ ബ്രിഗേഡിയർ(റിട്ട.) ഖുഷാൽ താക്കൂറിനെ രംഗത്തിറക്കിയിട്ടും നിലംതൊട്ടില്ല. ദാദ്ര നഗർ ഹവേലി ലോക്സഭാ മണ്ഡലത്തിൽ ശിവസേനയിലെ ദേൽക്കർ കലാബെൻ മോഹൻഭായ് 51,269 വോട്ടിന് ജയിച്ചു. മധ്യപ്രദേശിലെ ബിജെപി സിറ്റിങ് സീറ്റായ ഖൻഡ്വ ലോക്സഭാ മണ്ഡലം ജ്ഞാനേശ്വർ ലാൽ പാട്ടീൽ നിലനിർത്തി.
ഹിമാചലിലെ അക്രി, ഫത്തേപുർ, ജുബ്ബൽ കോട്ട്ക്കായി നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് ജയിച്ചു. ബംഗാളിൽ ശാന്തിപുർ, ദിൻഹത്ത, ഗൊസാബ, ഖർദഹ നിയമസഭാ മണ്ഡലങ്ങളിൽ തൃണമൂൽകോൺഗ്രസ് ജയിച്ചു. ബിജെപിക്ക് സിറ്റിങ് സീറ്റുകളെല്ലാം നഷ്ടമായി. ഇടതുമുന്നണിക്ക് മൂന്ന് സീറ്റിൽ വോട്ടുവിഹിതം വർധിച്ചു. രാജസ്ഥാനിൽ വല്ലഭ്നഗർ സീറ്റിൽ നാലാം സ്ഥാനത്തും ദരിയാവാഡിൽ മൂന്നാം സ്ഥാനത്തേക്കും ബിജെപി പിന്തള്ളപ്പെട്ടു. രണ്ടിടത്തും കോൺഗ്രസ് ജയിച്ചു.
ഹരിയാനയിലെ ഇല്ലനാബാദ് ഐഎൻഎൽഡിയിലെ അഭയ് സിങ് ചൗതാല നിലനിർത്തി. കർഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് എംഎൽഎ സ്ഥാനം രാജിവച്ച അഭയ് സിങ് വീണ്ടും ജനവിധി തേടുകയായിരുന്നു. മഹാരാഷ്ട്രയിൽ ദെഗ്ലൂരിൽ മഹാസഖ്യം സ്ഥാനാർഥി ജിതേഷ് റാവുസാഹിബ്(കോൺഗ്രസ്) ജയിച്ചു.