യു.കെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യു.കെയുടെ അഞ്ചാം ദേശീയസമ്മേളനം 2022 ജനുവരി 22 നു നടത്താൻ നാഷണൽ കമ്മിറ്റി തീരുമാനിച്ചു. കൊവെൻട്രിയിൽ വെച്ചാകും സമ്മേളനം നടക്കുക. സമ്മേളനവേദിക്ക് ഇടതുപക്ഷ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയായിരുന്ന പി ബിജുവിൻറെ പേര്നൽകുവാനും നാഷണൽ കമ്മിറ്റി തീരുമാനിച്ചു.
യു.കെയിൽ കോവിഡ് മഹാമാരിയുടെ ഭീതി ഇപ്പോഴും നിലനിൽക്കുന്നതിനാൽ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവും കൂടി ഒരുദിവസമായി ചുരുക്കും. വിവിധ കലാപരുപാടികളോടുകൂടി ആകും പൊതുസമ്മേളനം അരങ്ങേറുക. സമീക്ഷ യു.കെയുടെ 23 ബ്രാഞ്ചുകളിൽ നിന്നും ഉള്ള പ്രതിനിധികളും ഒപ്പം യു.കെ മലയാളികളിലെ പുരോഗമനപരമായ ആശയഗതിയുള്ക്കൊള്ളുന്നവരും സമ്മേളനത്തിൽ പങ്കെടുക്കും.
ദേശീയ സമ്മേളനത്തിന് മുന്നോടിയായി സമീക്ഷ യു.കെയുടെ ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നു വരികയാണ്. 15 ഓളം ബ്രാഞ്ചുകളുടെ സമ്മേളനങ്ങൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. നവംബർ അവസാനത്തോടെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കും. തികഞ്ഞ ആവേശത്തോടെ ബ്രാഞ്ച്സമ്മേളനങ്ങൾ പൂർത്തീകരിച്ചുകൊണ്ടു സമീക്ഷ യു.കെ ദേശീയ സമ്മേളനത്തിലേക്ക് കടക്കുമ്പോൾ യു.കെ മലയാളികളിലെ പുരോഗമനപരമായ ആശയഗതിയുള്ക്കൊള്ളുന്ന ഏവരുടെയും സഹായ സഹകരണങ്ങൾ പ്രധീക്ഷിക്കുന്നതായി സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണൽ പ്രസിഡന്റ് സ്വപ്ന പ്രവീൺ എന്നിവർ പറഞ്ഞു .