കൊച്ചി: കൊച്ചിയിൽ കോൺഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണത്തിൽ നടൻ ജോജു ജോർജിന്റെ കാർ തകർത്തവരെ പോലീസ് തിരിച്ചറിഞ്ഞു. കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടോയേക്കുമെന്നും സൂചനയുണ്ട്. ജോജുവിനൊപ്പമുണ്ടായിരുന്നവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. സംഭവത്തിന്റെ ദൃശ്യങ്ങളും പോലീസ് വിശദമായി പരിശോധിക്കും.
ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തെ നടൻ ജോജു ജോർജ് ചോദ്യം ചെയ്തതിനെത്തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരും ജോജുവും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പ്രവർത്തകർ കാർ തല്ലിത്തകർക്കുകയുമായിരുന്നു. സംഭവത്തിൽ ജോജുവിന്റെ കൈയ്ക്കും പരിക്ക് പറ്റിയിരുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വണ്ടിക്കുണ്ടായത്.
ഇന്നലെ നടന്ന റോഡ് ഉപരോധ സമരത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് ഡിസിപിയും വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റുണ്ടാകുമെന്നാണ് കമ്മീഷണർ ഇപ്പോൾ വ്യക്തമാക്കുന്നത്. മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെടുത്തിയതിനാലാണ് ഇത്തരമൊരു നടപടിയിലേക്ക് പോലീസ് നീങ്ങുന്നത്.സംഭവവുമായി ബന്ധപ്പെട്ട്ഇന്നലെ മുൻ മേയർ ടോണി ചമ്മിണിക്കും മറ്റ് ഏഴു പേർക്കുമെതിരെ കേസെടുത്തിരുന്നു.
Content Highlights: Police identified those who attacked Joju georges car