ന്യൂഡൽഹി
ഉത്തർപ്രദേശിൽ രാഷ്ട്രീയ ലോക്ദളുമായി (ആർഎൽഡി) സഖ്യം പ്രഖ്യാപിച്ച് സമാജ്വാദി പാർടി. സീറ്റ് പങ്കുവയ്ക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അസംഗഢ് എംപിയായ അഖിലേഷ് പ്രഖ്യാപിച്ചു. എങ്കിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് എസ്പി ഉയർത്തിക്കാട്ടുന്നത് അഖിലേഷിനെ.
എൻഡിഎയുടെ ഭാഗമായിരുന്ന സുഹൽദേവ് ഭാരതീയ സമാജ് പാർടിയുമായി എസ്പി നേരത്തേ സഖ്യം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ആർഎൽഡി സഖ്യമുണ്ടാക്കിയത്. കർഷകസമരം ശക്തമായ പടിഞ്ഞാറൻ യുപിയിൽ ആര്‍എല്‍ഡിക്ക് സ്വാധീനമുണ്ട്. എസ്പിയുമായി സഖ്യത്തിന് കോൺഗ്രസ് താൽപ്പര്യപ്പെടുന്നുണ്ടെങ്കിലും ചർച്ച എങ്ങുമെത്തിയിട്ടില്ല. ആം ആദ്മി പാർടിയും സഖ്യത്തിന് നീക്കം നടത്തുന്നു. മായാവതിയുടെ ബിഎസ്പി സംഘടനാതലത്തിൽ ദുർബലാവസ്ഥയിലായതിനാല്‍ യുപിയിൽ ബിജെപിക്ക് മുഖ്യ വെല്ലുവിളി എസ്പിയാകും. കഴിഞ്ഞദിവസം ആറ് ബിഎസ്പി എംഎഎൽഎമാരും ഒരു ബിജെപി എംഎൽഎയും എസ്പിയിൽ ചേർന്നിരുന്നു.