ന്യൂഡൽഹി
മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കൂടുതൽ യോജിച്ച പ്രക്ഷോഭങ്ങൾക്ക് തൊഴിലാളികളും കർഷകരും ഒരുങ്ങുന്നു. അടുത്ത വർഷം ആദ്യം നടക്കേണ്ട യുപി, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാന്‍ പ്രചാരണമാരംഭിക്കാന്‍ കർഷകസംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും യോഗം തീരുമാനിച്ചു. കർഷകസമരത്തിന്റെയും 2020ലെ അഖിലേന്ത്യാ പണിമുടക്കിന്റെയും ഒന്നാം വാർഷികം മുൻനിർത്തി സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കും.
നവംബർ 11ന് ജന്തർമന്ദറിൽ ട്രേഡ്യൂണിയനുകളുടെ അഖിലേന്ത്യാ കൺവൻഷനിൽ സമര പ്രഖ്യാപനമുണ്ടാകും. സംയുക്ത കിസാൻമോർച്ച നേതാക്കളെയും ട്രേഡ്യൂണിയൻ കൺവൻഷനിലേക്ക് ക്ഷണിച്ചു.തൊഴിലാളി–- കർഷക സംഘടനകൾക്ക് പൊതുവായ വിഷയങ്ങളിൽ സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കും. ബിജെപിയെ തോൽപ്പിക്കാൻ മിഷൻ യുപി, മിഷൻ ഉത്തരാഖണ്ഡ് പ്രവർത്തനങ്ങളിലേക്ക് കർഷക സംഘടനകൾ കടന്നു. തൊഴിലാളി സംഘടനകൾകൂടി ഈ ദൗത്യത്തിലേക്ക് കൂടുതലായി പങ്കുചേരണമെന്ന നിർദേശം യോഗത്തിലുയർന്നു. യോഗത്തിൽ ട്രേഡ്യൂണിയൻ നേതാക്കളായ തപൻ സെൻ, എ ആർ സിന്ധു (സിഐടിയു), സഞ്ജീവ റെഡ്ഡി (ഐഎൻടിയുസി), അമർജിത്ത് കൗർ( എഐടിയുസി), ആർ എൽ ശർമ (യുടിയുസി), ഹർബജൻ സിങ് സന്ധു (എച്ച്എംഎസ്) തുടങ്ങിയവരും കർഷക സംഘടനകളെ പ്രതിനിധാനംചെയ്ത് ജോഗീന്ദർ സിങ് ഉഗ്രഹാൻ, ഡോ. ദർശൻ പാൽ, ധർമേന്ദ്ര മല്ലിക്ക്, പി കൃഷ്ണപ്രസാദ്, ബൽദേവ് സിങ് നിഹാങ്ഗഢ് തുടങ്ങിയവരും പങ്കെടുത്തു.