ദോഹ > എല്ലാ അന്താരാഷ്ട യാത്രക്കാര്‍ക്കും 72 മണിക്കൂറിനിടെയുള്ള പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ആരോഗ്യ ഗൈഡ്‌ലൈന്‍സ് പിന്‍വലിക്കണമെന്ന് ഗപാഖ് ആവശ്യപ്പെട്ടു.
അടിയന്തിര സാഹചര്യങ്ങളില്‍ നാട്ടിലേക്ക് പോകുന്നവര്‍ക്കുള്ള ഇളവ് ഈ മാസം 25നാണ് പിന്‍വലിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 17 നുള്ള സര്‍ക്കുലര്‍ പ്രകാരം അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പേവേണ്ടി വരുന്ന പ്രവാസികള്‍ക്ക് എയര്‍ സുവിധ പോര്‍ട്ടര്‍ വഴി പിസിആര്‍ ടെസ്റ്റ് നിബന്ധനകളില്‍ നിന്ന് ഒഴിവ് നല്‍കാന്‍ അപേക്ഷിച്ച് യാത്ര ചെയ്യാമായിരുന്നു. എന്നാല്‍ പുതിയ ഗൈഡ്‌ലൈന്‍ നിലവില്‍ വന്നതോടെ ഈ ഇളവ് ഒഴിവാക്കി. ഇക്കാര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ വ്യക്തമാക്കിയിട്ടുണ്ട്. മതാപിതാക്കളുടെയും ഉറ്റവരുടെയും മൃതദേഹം കാണാനുള്ള ആഗ്രഹം പോലും സാദ്ധ്യമാവത്ത സാഹചര്യമാണ് ഇതുണ്ടാക്കുക. പ്രവാസികളില്‍ ഏതെണ്ടെല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും പലരും ബൂസ്റ്റര്‍ ഡോസും എടുത്തവരാണ്.
പിഞ്ചു കുഞ്ഞുങ്ങള്‍ പോലും പിസിആര്‍ ടെസ്റ്റ് നടത്തണമെന്നാണ് എയര്‍ലൈനുകള്‍ അടക്കം നിഷ്‌കര്‍ഷിക്കുന്നത്. ഇതെല്ലാം പ്രവാസികള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണ്.
പിസിആര്‍ ടെസ്റ്റിന്റെ കാര്യത്തില്‍ നേരെത്തെയുള്ള ഇളവുകള്‍ പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. ഇക്കാര്യം ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി,കേന്ദ്ര ആരോഗ്യ മന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, കേരള പ്രതിപക്ഷ നേതാവ് , കേരളത്തിലെ പാര്‍ലെമെന്റ് അംഗങ്ങള്‍ എന്നിവര്‍ക്ക് ഗപാഖ് നിവേദനം നല്‍കി.
പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, ജന.സെക്രട്ടറി ഫരീദ് തിക്കോടി, അര്‍ളയില്‍ അഹമ്മദ് കുട്ടി, മുസ്തഫ എലത്തൂര്‍, അമീന്‍ കൊടിയത്തൂര്‍, സുബൈര്‍ ചെറുമോത്ത്, മശ്ഹൂദ് തിരുത്തിയാട്, ഗഫൂര്‍ കോഴിക്കോട്, അന്‍വര്‍ സാദത്ത്, അന്‍വര്‍ ബാബു വടകര, എആര്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓള്‍ഗസൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു.