ഒട്ടാവ: മനുഷ്യപരിണാമത്തിന്റെ ശൃംഖലയിലേക്ക് ഒരു പുതിയ വർഗത്തെക്കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് ഗവേഷകർ. അഞ്ചുലക്ഷം വർഷംമുമ്പ് ജീവിച്ചിരുന്ന പുതിയ മനുഷ്യവർഗത്തിന് ഹോമോ ബോഡെൻസിസ് എന്നാണു ഗവേഷകർ നൽകിയിരിക്കുന്ന പേര്. ആധുനിക മനുഷ്യരുടെ നേരിട്ടുള്ള പൂർവികരാണ് ഇവയെന്നാണ് ഗവേഷകരുടെ അനുമാനം. എത്യോപ്യയിലെ ആവാഷ് നദിയുടെ പോഷകനദികളിലൊന്നായ ബോഡോ ദാറിൽനിന്നും ഇവയുടെ തലയോട്ടികൾ ലഭിച്ചതിനാലാണ് ബോഡൻസിസ് എന്ന പേരു നൽകിയത്. കാനഡയിലെ വിന്നിപെഗ് സർവകലാശാലയിലെ ഡോ. മിർജാന റോക്സാൻഡിക്കിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. എവല്യൂഷണറി ആന്ത്രപോളജി ഇഷ്യൂസ് ന്യൂസ് ആൻഡ് റിവ്യൂസ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
മധ്യ പ്ലീസ്റ്റോസീൻ കാലത്ത് ആഫ്രിക്കയിലെ ബോഡൻസിസിലാണ് ഇവർ ജീവിച്ചിരുന്നതെന്നാണ് കണക്കാക്കുന്നത്. ആധുനിക മനുഷ്യരുടെ വംശമായി കണക്കാക്കുന്ന ഹോമോ സാപ്പിയൻസ് ആഫ്രിക്കയിലും മനുഷ്യവർഗത്തിന്റെ ഏറ്റവും അടുത്ത പൂർവികനായ നിയാണ്ടർത്താലുകൾ യൂറോപ്പിലും രൂപപ്പെട്ട അതേ കാലഘട്ടത്തിലാണ് ബോഡൻസിസുകളും ജീവിച്ചിരുന്നത്.
ഈ കാലഘട്ടത്തിലെ മനുഷ്യ പരിണാമത്തെക്കുറിച്ച് വ്യക്തമായ ധാരണയിലെത്തിച്ചേരാൻ ശാസ്ത്രലോകത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. മനുഷ്യന്റെ സഞ്ചാരപദത്തെക്കുറിച്ച് കൃത്യമായ രൂപം കണ്ടെത്താൻ സാധിക്കാത്തതാണ് പ്ലീസ്റ്റോസീൻ കാലത്തിലെ പരിണാമത്തെക്കുറിച്ച് നിഗമനത്തിലെത്താൻ കഴിയാത്തതെന്ന് മിർജാന റോക്സാൻഡിക്ക് പറഞ്ഞു.
കണ്ടെത്തലോടെ ഈ കാലഘട്ടത്തിലെ ആഫ്രിക്കയിൽനിന്നുള്ള ഭൂരിഭാഗവും തെക്കു കിഴക്കൻ യൂറോപ്പിലെ ചെറിയസംഘം മനുഷ്യവംശങ്ങളും ഹോമോ ബോഡൻസിസുകളാകും. ഇവയിൽ ഭൂരിഭാഗത്തെയും നിയാണ്ടർത്താലുകളായാണ് മുമ്പ് കണക്കാക്കിയിരുന്നത്.
Content Highights: New species of human ancestor called Homo bodensis