ഇന്ത്യയിൽ പരമാവധി ആളുകളെ സ്മാർട്ഫോൺ ഉപയോഗത്തിലേക്ക് കൊണ്ടുവരിക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് റിലയൻസ് ജിയോയ്‍ക്ക്. 4ജി കണക്റ്റഡ് ഫീച്ചർഫോണുകൾ തുച്ഛമായ നിരക്കിൽ വിപണിയിലെത്തിച്ചത് അതിന്റെ ഒരു തുടക്കമെന്നോണമായിരുന്നു. ഇപ്പോഴിതാ ഈ ഫീച്ചർ ഫോൺ ഉപഭോക്താക്കളെയെല്ലാം സ്മാർട്ഫോൺ ഉപയോഗത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ജിയോ ഫോൺ നെക്സ്റ്റ് രംഗപ്രവേശം ചെയ്‌യാനൊരുങ്ങുകയാണ്. ഫോൺ ഈ ദീപാവലിയ്‍ക്ക് എത്തുമെന്ന് ആഗോള സാങ്കേതിക ഭീമൻ ഗൂഗിളിന്റെ മേധാവി സുന്ദർ പിച്ചൈ തന്നെയാണ് പ്രഖ്യാപിച്ചത്.
എന്താണ് ജിയോ ഫോൺ നെക്സ്റ്റ്
ഗൂഗിളും റിലയൻസ് ജിയോയും ചേർന്ന് സംയുക്തമായി വികസിപ്പിച്ച എൻട്രി ലെവൽ സ്മാർട്ഫോൺ ആണ് ജിയോഫോൺ നെക്സ്റ്റ്. ഇരു കമ്പനികളും ചേർന്ന് തയ്‌യാറാക്കിയ പ്രഗതി ഓഎസ് ആയിരിക്കും ഫോണിൽ. ഇന്ത്യൻ ഉപഭോക്താക്കളെ പ്രത്യേകമായി ലക്ഷ്യമിട്ട് പ്രാദേശിക ഭാഷകൾക്കും താൽപര്യങ്ങൾക്കും പ്രാധാന്യം നൽകി നിർമിച്ച ഓഎസ് ആണിത്.
ഇന്ത്യയെ 2ജിയിൽ നിന്ന് സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ വലിയ വിലക്കുറവിലുള്ള 4ജി സ്മാർട്ഫോൺ രംഗത്തിറക്കുമെന്ന് കമ്പനിയുടെ 44-മത് വാർഷിക ജനറൽ മീറ്റിങിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
വിപണിയിൽ ലഭ്യമായ അടിസ്ഥാന 4ജി ഫോണുകളുടെ വില പോലും താങ്ങാൻ കഴിയാത്ത 2ജി സേവനങ്ങളിൽ നിന്നും മുക്തി നേടാത്ത 30 കോടി ജനങ്ങൾ രാജ്യത്തുണ്ടെന്ന് അന്ന് അദ്ദേഹം പറഞ്ഞു.
1500 രൂപയ്‍ക്ക് ആദ്യമായി 4ജി ഫീച്ചർഫോൺ അവതരിപ്പിച്ചത് ജിയോയാണ്. റീഫണ്ട് ചെയ്‌യാൻ സാധിക്കുന്ന ഡിപ്പോസിറ്റ് എന്ന നിലയിലാണ് അന്ന് ഈ ഫോണുകൾ വിതരണം ചെയ്തത്. ഫലത്തിൽ ഫോണുകൾ സൗജന്യത്തിൽ നൽകുകയായിരുന്നു.
ടച്ച് സ്ക്രീൻ ഡിസ്പ്ലേയോടു കൂടിയെത്തുന്ന ജിയോഫോൺ നെക്സ്റ്റിൽ ക്വാൽകോമിന്റെ ഒരു പ്രൊസസർ ചിപ്പ് സെറ്റാണ് ശക്തിപകരുക. സാധാരണ ക്വാൽകോമിന്റെ ചിപ്പുകൾ ഉപയോഗിക്കുന്ന ഫോണുകൾക്ക് വിപണിയിൽ വിലകൂടാറാണ് പതിവ്. എന്നാൽ എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ സ്മാർട്ഫോൺ ആയിരിക്കും ഇതെന്ന ഉറപ്പാണ് മുകേഷ് അംബാനി നൽകുന്നത്.
ഫോണിൽ 5.50 ഇഞ്ച് സ്ക്രീൻ ആയിരിക്കും. 2ജിബി റാമും, 16 ജിബി സ്റ്റോറേജുമായിരിക്കും ഉണ്ടാവുക. 2500 എംഎഎച്ച് ബാറ്ററിയായിരിക്കും ഇതിൽ. രണ്ട് സിംകാർഡുകൾ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാവും. നാനോ സിംകാർഡുകളായിരിക്കും. ഒരു റിയർ ക്യാമറയും സെൽഫി ക്യാമറയും ഉണ്ടാവും. വൈഫൈ, ജിപിഎസ്, 3ജി, 4ജി കണക്റ്റിവിറ്റി ഓപ്ഷനുകൾ ഉണ്ടാവും.
ദീപാവലിയോട് അനുബന്ധിച്ച് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തീയ്‌യതി അറിയിച്ചിട്ടില്ല.
Content Highlights: Diwali Festival Sale, Smartphones, Affordable 4G Phone, Reliance Jio and Google, Pragati OS based on Android