കുവൈറ്റ് സിറ്റി > കുവൈത്തിൽ 60 വയസ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കിയ തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിർണായക യേഗം ബുധനാഴ്ച. പബ്ലിക്ക് അതോറിറ്റി മാൻ പവർ കമ്മറ്റിയുടെ സുപ്രധാന യോഗത്തിന് ശേഷം അറുപത് കഴിഞ്ഞ ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികൾക്ക് റസിഡൻസി പുതുക്കി നൽകുമെന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
250 ദിനാർ ഫീസും ആരോഗ്യ ഇൻഷുറൻസ് ഫീസും ചുമത്തി തൊഴിൽ അനുമതി പുതുക്കി നൽകാനുള്ള പുതിയ നിർദ്ദേശവും യോഗത്തിനു മുമ്പാകെ വരുമെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിസ പുതുക്കി നൽകേണ്ടതില്ലെന്ന അതോറിറ്റിയുടെ തീരുമാനം കഴിഞ്ഞ ദിവസം ഫത്വ ലെജിസ്ലേറ്റീവ് സമിതി റദ്ദാക്കിയിരുന്നു. എന്നാൽ ഈ ഗണത്തിലെ പ്രവാസികളുടെ വിസ പുതുക്കി നൽകുന്ന നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ബുധനാഴ്ച ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പബ്ലിക്ക് അതോറിറ്റി ഫോർ മാൻ പവർ കമ്മിറ്റി 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് റെസിഡൻസി പുതുക്കി നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. തീരുമാനത്തിന്റെ ഭാഗമായി ഇന്ത്യക്കാരടക്കമുള്ള നിരവധി പേർക്ക് വിസ പുതുക്കാൻ കഴിയാതെ തിരിച്ചു പോകേണ്ടിവന്നിരുന്നു.