തിരുവനന്തപുരം: കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ കെ. മുരളീധരൻ എംപിയെ വിമർശിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. മുരളീധരന്റെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും തരംതാണതുമാണ്. മേയറെ അപമാനിച്ച മുരളീധരനെ അറസ്റ്റ് ചെയ്യണമെന്നും ആനാവൂർ ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കാണാൻ നല്ല സൗന്ദര്യമുണ്ട്. പക്ഷെ ആര്യാ രാജേന്ദ്രന്റെ വായിൽനിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ വർത്തമാനങ്ങളാണെന്ന മുരളീധരന്റെ പ്രസ്താവനയാണ് വിവാദമായത്.
ഭരണിപ്പാട്ടുകാരിയാണ് മേയറെന്ന പ്രസ്താവന ഏറ്റവും നന്നായി ചേരുന്നത് മുരളീധരന് തന്നെയാണെന്ന് നാടിനറിയാമെന്ന് ആനാവൂർ വിമർശിച്ചു. അക്കാര്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെ പറഞ്ഞറിഞ്ഞിട്ടുണ്ട്. കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് ഇന്ദിരാഭവനിൽ മുരളീധരൻ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ടിന്റെ പ്രായോഗിക രൂപങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹ എംപിയും കോൺഗ്രസ്സ് നേതാവുമായ രാജ്മോഹൻ ഉണ്ണിത്താൻ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് നാട് കണ്ടതാണെന്നും ആനാവൂർ പരിഹസിച്ചു.
മുരളീധരന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ് ഭരണി പാട്ടിന്റെ ഈരടികൾ. ഇപ്പോഴും അദ്ദേഹം അത് തുടരുന്നുവെന്നാണ് ഈ പ്രസ്താവനയിലൂടെ മനസിലാകുന്നത്. എന്നാൽ മേയർക്കെതിരെഭരണിപ്പാട്ട് പാടാൻ വാ തുറക്കുന്നത് വളരെ കരുതലോടെയാവണം. നഗരത്തിലെ പ്രബുദ്ധരായ ജനങ്ങൾ നിശ്ശബ്ദരായി നോക്കിയിരിക്കുമെന്ന് കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുരളീധരനെ പോലെ ഒരു എംപി ഇത്രയും തരംതാണ പ്രസ്താവനകളുമായി വരുന്നത് അങ്ങേയറ്റം അപലപനീയമാണ്. കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്റെ പേരിലാണ് മുരളീധരൻ ഈ തെമ്മാടിത്തമൊക്കെ വിളമ്പുന്നത്. ഇക്കാര്യത്തിൽ കെപിസിസി അധ്യക്ഷന്റെ നിലപാട് എന്താണെന്ന് ചോദിക്കാൻ കഴിയില്ല, കാരണം അദ്ദേഹത്തെ കുറിച്ച് കേൾക്കുന്ന വാർത്തകൾ ഇതിനേക്കാൾ മോശമാണ്. ഇത് കോൺഗ്രസ്സിന്റെ സംസ്കാരമാണെന്ന് സാധാരണ കോൺഗ്രസ്സ് പ്രവർത്തകർ മനസിലാക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
content highlights:anavoor nagappan facebook post against k muraleehdharan