മപൂട്ടോ: ആഫ്രിക്കയിലെ ആണാനകൾക്കും പെണ്ണാനകൾക്കും കൊമ്പുണ്ട്. ഏഷ്യൻ ആനകളിൽ ആണിനുമാത്രവും. ജനിതകവ്യതിയാനംമൂലം വളരെ അപൂർവമായേ ആഫ്രിക്കൻ ആനകൾ കൊമ്പില്ലാതെ ജനിച്ചിരുന്നുള്ളൂ. എന്നാലിപ്പോൾ കൊമ്പില്ലാത്ത ആഫ്രിക്കൻ പെണ്ണാനകളുടെ എണ്ണം വളരെക്കൂടി. മനുഷ്യൻ കൊമ്പിനായി നിരന്തരം വേട്ടയാടുന്നതിനൊത്ത് ആനകൾ കൊമ്പില്ലാത്തവരായി പരിണമിച്ചതാണ് ഇതിനുകാരണമെന്ന് .
മനുഷ്യന്റെ പ്രവൃത്തികൾ വന്യമൃഗങ്ങളുടെ ശരീരഘടനയിൽ മാറ്റംവരുത്തുന്നുവെന്നർഥം. ആഫ്രിക്കൻ രാജ്യമായ മൊസംബിക്കിലെ ഗവേഷകരാണ് പുതിയ പഠനത്തിനുപിന്നിൽ. മൊസാംബിക്കിലെ ഗോരോങോസ ദേശീയപാർക്കിൽ പെണ്ണാനകൾ കൊമ്പില്ലാതെ ജനിക്കുന്നതിനു കാരണം തിരക്കിയിറങ്ങിയതാണിവർ.
പതിറ്റാണ്ടുകൾ നീണ്ട ആനക്കൊമ്പുവേട്ട ആനകൾക്ക് കൊമ്പുനഷ്ടപ്പെടാൻ കാരണമെന്ന അനുമാനത്തിൽ ഗവേഷകർ എത്തിച്ചേർന്നിരിക്കുകയാണ്. കൊമ്പുള്ളവയുടെയും ഇല്ലാത്തവയുടെയും ജനിതകഘടനയിലും വ്യത്യാസമുണ്ട്. അതേസമയം, ആണാനകളിൽ ഈ മാറ്റം വളരെ കുറച്ചേയുള്ളൂ. അതിനാൽ കൊമ്പു നഷ്ടപ്പെടാൻ ലിംഗപരമായ കാരണങ്ങളുമുണ്ടാകാമെന്നും ഇവർ പറയുന്നു.മൊസാംബിക്കിൽ ആഭ്യന്തരയുദ്ധമുണ്ടായ 1977-നും 1992-നും ഇടയിലാണ് ആനകൾ വൻതോതിൽ വേട്ടയാടപ്പെട്ടത്. യുദ്ധത്തിന് പണംകണ്ടെത്താൻ സായുധസംഘങ്ങൾ ആനകളെ കൊന്നും ജീവനോടെയും കൊമ്പെടുത്തു. കൊമ്പുനഷ്ടമായ ആനകളിലൂടെയാണ് പിൻതലമുറയ്‍ക്ക് ക്രമേണ കൊമ്പില്ലാതെയായത്. പാർക്കിലുള്ള 700-ഓളം ആനകളിൽ ജനിതകമാറ്റങ്ങൾ പ്രകടമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രിൻസ്ടൺ സർവകലാശാലയിലെ പ്രൊഫസർ റോബർട്ട് പ്രിങ്കിൾ പറഞ്ഞു.
content highlights: Tuskless elephant evolution has some link with ivory hunting, says study