ന്യൂഡല്ഹി> മുല്ലപ്പെരിയാര് ഡാമിന്റെ ജലനിരപ്പ് 139 അടിയാക്കി നിലനിര്ത്തണമെന്ന് സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയില് ആവശ്യപ്പെട്ടു. 2018ല് പ്രളയസമയത്ത് അണക്കെട്ടിന്റെ ജലനിരപ്പ് 139 അടിയായി കുറച്ചിരുന്നു. ഇതേ രീതിയില് ഇപ്പോഴും കുറയ്ക്കണമെന്ന് സുപ്രീംകോടതിയില് കേരള സര്ക്കാര് ആവശ്യപ്പെടുകയായിരുന്നു.
എന്നാല് സംസ്ഥാനത്തിന്റെ തീരുമാനത്തെ തമിഴ്നാട് എതിര്ത്തു. 2018-ല് ജലനിരപ്പ് 139 അടി കടന്നിരുന്നു. അക്കാലത്ത് ഇടുക്കിയില് കനത്തമഴയും ഉണ്ടായിരുന്നു. എന്നാല് നിലവില് അത്തരം ഭീഷണി ഇല്ലെന്നും തമിഴ്നാട് വാദിച്ചു. വിഷയം ഗൗരവമായി നിരീക്ഷിക്കുകയാണ്- തമിഴ്നാട് പറഞ്ഞു.
അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് മേല്നോട്ട സമിതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അടുത്ത രണ്ട് ദിവസത്തിനുള്ളില് പരമാവധി ജലനിരപ്പ് എത്ര ആയിരിക്കണമെന്ന് അറിയിക്കാന് സമിതിയോട് സുപ്രീം കോടതി നിര്ദേശിച്ചു. കേസ് മറ്റന്നാള് പരിഗണിക്കാനായി മാറ്റി.