അഗർത്തല
ത്രിപുരയിൽ നടത്തിയ റാലിക്കിടെ സംഘപരിവാറുകാർ മുസ്ലിം പള്ളികൾ തകർത്തതിനെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് ആറ് പള്ളികൾക്ക് നേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. അഗർത്തലയിലെ ഒരു പള്ളിയും സമീപത്തെ മുസ്ലിം വീടുകളും അക്രമികൾ തകർത്തത് പൊലീസ് സ്ഥിരീകരിച്ചു. ബംഗ്ലാദേശില് ദുര്ഗാ പൂജകാലത്തെ വര്ഗീയ സംഘര്ഷത്തിൽ പ്രതിഷേധിച്ചാണ് സംഘപരിവാറിന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. കൃഷ്ണനഗറിലെ പള്ളിയുടെ ജനൽച്ചില്ലുകൾ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ തകർക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നൂറ്റമ്പതോളം പള്ളികൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.















