ശ്രീനഗർ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശത്തിനിടെ ഷോപ്പിയാനിൽ യുവകര്ഷകതൊഴിലാളിയെ വെടിവെച്ചുകൊന്ന് സിആർപിഎഫ്. സിആർപിഎഫ് ക്യാമ്പിന് സമീപം ആപ്പിൾ തോട്ടത്തിൽ ജോലിക്കെത്തിയ അനന്ത്നാഗ് സ്വദേശിയായ ഷാഹിദ് അഹമ്മദ് റാത്തർ (20) ആണ് ദുരൂഹസാഹചര്യത്തില് കൊല്ലപ്പെട്ടത്. ഞായർ രാവിലെയാണ് വെടിയേറ്റ് മരിച്ചത്. ജോലി കഴിഞ്ഞ് രണ്ട് സുഹൃത്തുക്കള്ക്ക് ഒപ്പം വീട്ടിലേക്ക് മടങ്ങവെയാണ് വെടിയേറ്റതെന്ന് സഹോദരന് സുബൈർ അഹമ്മദ് പറഞ്ഞു.
എന്നാല്, സിആർപിഎഫ് സംഘത്തെ ആക്രമിച്ച അജ്ഞാത സംഘത്തിന് നേരെയാണ് വെടിയുതിർത്തതെന്നും കൊല്ലപ്പെട്ടയാളുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും സിആർപിഎഫ് വക്താവ് പറഞ്ഞു.
സംഭവത്തെ തുടര്ന്ന് താഴ്വരയില് ജനകീയരോഷം ശക്തമായി. കൊല്ലപ്പെട്ടയാളുടെ കൈയ്യില് ആയുധമില്ലായിരുന്നു ബാഗില്‍ വീട്ടിലേക്കുള്ള പഴങ്ങളായിരുന്നു. അമിത് ഷാ കാശ്മീരിലെ യുവാക്കളെ സുഹൃത്തുക്കളാക്കി മാറ്റുന്നത് ഇങ്ങനെയാണോ നാഷണല് കോണ്ഫറന്സ് അധ്യക്ഷന് ഒമര് അബ്ദുള്ള ചോദിച്ചു.
സാധാരണക്കാരനായ യുവാവ് കൊല്ലപ്പെട്ട സാഹചര്യം അന്വേഷിക്കണം. സംഭവത്തെ വെറുതേ അപലപിച്ചതുകൊണ്ടായില്ല, വിശ്വാസയോഗ്യമായ അന്വേഷണം നടത്തി നടപടിയെടുക്കണം, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമദ് യൂസഫ് തരിഗാമി പറഞ്ഞു.















