ന്യൂഡൽഹി
മണ്ഡല പുനർനിർണയം പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് നടത്തിയശേഷം മാത്രമേ ജമ്മു-കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കൂവെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് വിയോജിച്ച് താഴ്വരയിലെ രാഷ്ട്രീയ പാർടികളും നേതാക്കളും. കശ്മീരിൽനിന്നുള്ള നേതാക്കളുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ എത്രയും വേഗം സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതിനുവിരുദ്ധമാണ് ശ്രീനഗറിലെ പ്രസ്താവനയെന്ന് നേതാക്കൾ പറഞ്ഞു.
ആദ്യം സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്നാണ് ജമ്മുകശ്മീരിലെ രാഷ്ട്രീയ പാർടികളുടെ നിലപാട്. പൂർണ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്ന് എല്ലാ പാർടിയും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമദ് യൂസഫ് തരിഗാമി പറഞ്ഞു.
ഷായുടെ സന്ദർശനത്തിൽ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ, പുതിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല–- തരിഗാമി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള തുടങ്ങിയ നേതാക്കളും അമിത് ഷായുടെ നിലപാട് തള്ളി.















