തൃശൂർ
മഹാമാരിയുംകടന്ന് അതിജീവന ഗാഥയുമായി തിരശ്ശീല ഉയരുന്നു. കേരള സംഗീത നാടക അക്കാദമി പ്രൊഫഷണൽ നാടകമത്സരത്തിന് തിങ്കളാഴ്ച അരങ്ങുണരും. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നീട്ടിവച്ച 2019ലെ മത്സരത്തിനാണ് തൃശൂർ വേദിയാവുക. തിങ്കൾ രാവിലെ 9.30ന് അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിത ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് അധ്യക്ഷനാവും. രാവിലെ പത്തിന് കൊച്ചിൻ ചന്ദ്രകാന്തത്തിന്റെ ‘അന്ന’വും വൈകിട്ട് അഞ്ചിന് കാളിദാസ കലാകേന്ദ്രത്തിന്റെ ‘അമ്മ’യും അരങ്ങേറും. 26ന് രാവിലെ സൗപർണിക തിരുവനന്തപുരത്തിന്റെ ‘ഇതിഹാസ’വും വൈകിട്ട് കണ്ണൂർ നാടകസംഘത്തിന്റെ ‘കുമാരനാശാനും ചണ്ഡാലഭിക്ഷുകി’യും വേദിയിലെത്തും. 27ന് രാവിലെ സംസ്കൃതി വെഞ്ഞാറമൂടിന്റെ ‘ജീവിതപാഠ’വും വൈകിട്ട് വള്ളുവനാട് ബ്രഹ്മയുടെ ‘പാട്ടുപാടുന്ന വെള്ളായി’യും 28ന് രാവിലെ കണ്ണൂർ സംഘചേതനയുടെ ‘ഭോലാറാ’മും വൈകിട്ട് സംഘകേളി പിരപ്പൻകോടിന്റെ ‘മക്കളുടെ ശ്രദ്ധയ്ക്കും’ 29ന് രാവിലെ കെപിഎസിയുടെ ‘മാരത്തൻ 1892’ഉം വൈകിട്ട് കോഴിക്കോട് സങ്കീർത്തനയുടെ ‘വേനലവധി’യും അരങ്ങേറും.
കോവിഡ് മാനദണ്ഡം പാലിച്ചാണ് അവതരണങ്ങളെന്ന് അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി പറഞ്ഞു. 250 പേർക്കാണ് പ്രവേശനം. നാടക അവതരണച്ചെലവ് 30,000ൽനിന്ന് ഒരുലക്ഷം രൂപയായി ഉയർത്തി.
അക്കാദമിയുടെ പുസ്തകക്കാലം:- നൂറുദിനം, നൂറ് പുസ്തകം പദ്ധതിയിൽ എട്ട് പുസ്തകങ്ങൾ ഉദ്ഘാടനച്ചടങ്ങിൽ പ്രകാശിപ്പിക്കും. സേവ്യർ പുൽപ്പാട്ടിന്റെ ‘അരങ്ങിലൂടെ ഒരു യാത്ര’, എ ശാന്തകുമാറിന്റെ ‘ആറ് നാടകങ്ങൾ’, എ കെ പുതുശേരിയുടെ ‘ആർട്ടിസ്റ്റ് പി ജെ ചെറിയാൻ: -നാടകലോകത്തെ ധ്രുവനക്ഷത്രം’, ഡോ. എം എൻ വിനയകുമാറിന്റെ ‘മറിമാൻകണ്ണി’, സാവിത്രി ലക്ഷ്മണന്റെ ‘നാടകത്തിന്റെ നാട്ടിൽ’, ഡോ. എ കെ നമ്പ്യാരുടെ ‘നാടക പ്രപഞ്ചം’, ഫ്രാൻസിസ് ടി മാവേലിക്കരയുടെ ‘ഒരുനാഴി മണ്ണ്’, സി എൻ ശ്രീവത്സന്റെ ‘അന്വേഷണ വഴിയിൽ ജി ശങ്കരപ്പിള്ള’ എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിക്കുന്നത്.















