കൊച്ചി > കെപിസിസി ഭാരവാഹി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി പത്മജ വേണുഗോപാൽ. എ വി ഗോപിനാഥിനെപ്പോലുള്ളവരെ അകറ്റി നിർത്തിയത് അബദ്ധമായെന്ന് പത്മജ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഗോപിനാഥിനെപ്പോലുള്ള നേതാക്കളെ മാറ്റി നിർത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകർച്ചയെന്നും പത്മജ കുറ്റപ്പെടുത്തി.
“എ വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോൺഗ്രസിലേക്ക് കൊണ്ട് വരണം. ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. ഒരിക്കൽ രാമനിലയത്തിൽ വെച്ച് അച്ഛൻ ഒരു കാര്യം ഗോപിനാഥിനെ ഏൽപ്പിക്കുന്നത് ഞാൻ കണ്ടു.. എനിക്കു കേട്ടപ്പോൾ അസാധ്യം എന്ന് തോന്നിയ ഒരു കാര്യം. ഞാൻ അത് ചെയ്തിട്ടേ ഇനി ലീഡറുടെ മുൻപിൽ വരൂ എന്ന് പറഞ്ഞു.. അതു പോലെ തന്നെ സംഭവിച്ചു. ഞാൻ അത്ഭുതപ്പെട്ടു പോയി. അങ്ങിനെയുള്ള നേതാക്കളെ മാറ്റി നിർത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകർച്ച. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ട് വരണം’ – പത്മജ കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം കെപിസിസി ഭാരവാഹി പട്ടിക പുറത്ത് വന്നപ്പോള് എ വി ഗോപിനാഥ് പട്ടികയില് ഇടംപിടിച്ചിരുന്നില്ല. കോണ്ഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവച്ചയാളാണ് താന്. അംഗത്വം രാജിവച്ചത് സ്വകാര്യമല്ല. കോണ്ഗ്രസില് നിന്ന് രാജിവച്ചതോടെ ചാപ്റ്റര് അടഞ്ഞുവെന്നായിരുന്നു എ വി ഗോപിനാഥ് പ്രതികരിച്ചത്.