ന്യൂഡൽഹി > ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ പ്രത്യേകാനുമതി ഹർജി ഫയൽചെയ്തത്.
ഏതെങ്കിലും സമുദായത്തിന് സ്കോളർഷിപ് അനുവദിക്കുന്നത് വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഗണിച്ചാണെന്ന വസ്തുത ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സച്ചാർകമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം വിദ്യാർഥിനികൾക്ക് സ്കോളർഷിപ് തുടങ്ങിയത്.
സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കമായ വിഭാഗക്കാരുടെ ഉന്നമനത്തിന് പ്രത്യേക നടപടി സ്വീകരിക്കാൻ ഭരണഘടനയുടെ 15 (4) വകുപ്പ് പ്രകാരം സർക്കാരിന് അവകാശമുണ്ട്. ജനസംഖ്യാനുപാതം മാത്രം കണക്കിലെടുത്ത് സ്കോളർഷിപ് വിതരണം ചെയ്യണമെന്ന ഹൈക്കോടതി നിർദേശം അശാസ്ത്രീയമാണെന്നും സർക്കാർ വാദിച്ചു.
ക്രിസ്ത്യൻ വിഭാഗത്തിന്റെ വിദ്യാഭ്യാസപ്രശ്നങ്ങൾ പഠിക്കാൻ ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് അന്തിമമായി അംഗീകരിക്കേണ്ടതുണ്ട്. അതിന് മുമ്പ് ജനസംഖ്യാനുപാതത്തിൽ സ്കോളർഷിപ് വിതരണം ചെയ്യണമെന്ന നിർദേശം പദ്ധതിയുടെ ലക്ഷ്യം തെറ്റിക്കും. ലത്തീൻ കത്തോലിക്കർ, പരിവർത്തിത ക്രൈസ്തവർ തുടങ്ങിയ ന്യൂനപക്ഷവിഭാഗങ്ങൾക്ക് സ്കോളർഷിപ് ആനുകൂല്യം അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഉചിത തുടർനടപടി സ്വീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.