കോട്ടയം > എംജി സർവകലാശാല സെനറ്റ്–-സ്റ്റുഡന്റ്സ് കൗൺസിൽ തെരഞ്ഞെടുപ്പിനിടെ വിദ്യാർഥിനിയെ ആക്രമിക്കുകയും മറ്റൊരു വിദ്യാർഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയുംചെയ്ത എഐഎസ്എഫ് നേതാക്കൾക്കെതിരെ പൊലീസ് കേസ്. എഐഎസ്എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് ഷാജോ, ജില്ലാ സെക്രട്ടറി നന്ദു ജോസഫ്, സഹദ്, അമൽഅശോക്, എ എസ് അഭിജിത്ത് എന്നിവർക്കെതിരെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്.
വോട്ടുചെയ്യാനെത്തിയ എറണാകുളം സ്വദേശിനിയായ വിദ്യാർഥിയും സർവകലാശാല ക്യാമ്പസിലെ വിദ്യാർഥിയുമാണ് പരാതിനൽകിയത്. വ്യാഴാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. വോട്ട് ചെയ്യാനെത്തിയ പെൺകുട്ടിയുടെ തിരിച്ചറിയൽ കാർഡ് തട്ടിപ്പറിക്കാനായിരുന്നു ശ്രമം. ചെറുത്തപ്പോൾ അസഭ്യംപറഞ്ഞു. ആക്രമിക്കാനുംമുതിർന്നു. ഇതുകണ്ട് ക്യാമ്പസിലെ വിദ്യാർഥി എത്തിയപ്പോഴാണ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത്. ഇരുപരാതികളിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
തെരഞ്ഞെടുപ്പിൽ കെഎസ്യു–- എഐഎസ്എഫ്–- എംഎസ്എഫ് സഖ്യമായാണ് പ്രവർത്തിച്ചത്. ഗ്രൂപ്പ്വഴക്കിനെതുടർന്ന് കെഎസ്യുവിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായില്ല. അതിന്റെ പേരിൽ അവർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് എഐഎസ്എഫ് ഉൾപ്പെട്ട മുന്നണിക്ക് തിരിച്ചടിയായി.
എസ്എഫ്ഐ നേതാക്കളാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് കൗൺസിലർമാരെവിളിക്കുകയും വ്യാജകാർഡുകൾ സംഘടിപ്പിച്ച് വോട്ടുചെയ്യാൻ ശ്രമിച്ചതുമാണ് വോട്ടെടുപ്പ് ദിവസം സംഘർഷത്തിനിടയാക്കിയത്. ഇതിനിടയിൽ ജാതിപ്പേര് വിളിച്ചെന്നും അപമാനിച്ചെന്നും ആരോപിച്ച് എഐഎസ്എഫ് പ്രവർത്തക പൊലീസിൽ പരാതിനൽകിയിട്ടുണ്ട്.