കൊച്ചി: ഇൻഡസ്ട്രി 4.0 യാഥാർത്ഥ്യമാക്കുന്നതിനായി വോഡഫോൺ ഐഡിയ ലിമിറ്റഡും എൽടിഇ,5ജി സൊലൂഷൻ പ്ലാറ്റ്ഫോം ദാതാക്കളായ അതോനെറ്റും കൈകോർക്കുന്നു. പരമ്പരാഗത നിർമാണ പ്രവർത്തികളിലും വ്യവസായ രീതികളിലും ഓട്ടോമേഷൻ ഉൾപ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ വിന്യസിക്കുന്ന നാലാമത് വ്യാവസായിക വിപ്ലവത്തെയാണ് ഇൻഡസ്ട്രി 4.0 എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
സ്മാർട്ട് കൺസ്ട്രക്ഷൻ, സ്മാർട് വെയർഹൗസ്, സ്മാർട്ട് അഗ്രികൾച്ചർ, സ്മാർട്ട് വർക്ക് സ്പേസ് പോലുള്ള 5ജിയുടെ സാധ്യതകൾ പരീക്ഷിക്കുന്നതാവും അതോനെറ്റുമായുള്ള വോഡഫോൺ ഐഡിയയുടെ പങ്കാളിത്തം.
നിർമാണം, റെയിൽവേ, വെയർഹൗസ്, ഫാക്‍ടറികൾ പോലുള്ള വ്യവസായ മേഖലകളിൽ 5ജി സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പരിശോധിക്കും. രാജ്യത്ത് മികച്ച 5ജി ഉപയോഗസാധ്യത സൃഷ്ടിക്കുന്നതിനായി ടെലികോം വകുപ്പ് അനുവദിച്ച 5ജി സ്പെക്‍ട്രത്തിലായിരിക്കും പരീക്ഷണങ്ങൾ നടക്കുക.
ചെറുതും വലുതുമായ സംരംഭങ്ങൾക്കായി സ്മാർട്ട് സാങ്കേതിക വിദ്യയും സംവിധാനങ്ങളും സജ്ജമാക്കുന്നതിൽ വി ബിസിനസ്സിന് ശ്രദ്ധേയമായ പങ്കുണ്ടെന്നും അതോനെറ്റുമായുള്ള കമ്പനിയുടെ സഹകരണം ഭാവിയിൽ രാജ്യത്തെ ഡിജിറ്റൽ സമ്പദ്ഘടനയുടെ വൻതോതിലുള്ള വളർച്ചയ്‍ക്ക് പ്രേരക ശക്തിയാകുമെന്നും വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ ചീഫ് എന്റർപ്രൈസ് ബിസിനസ് ഓഫീസർ അഭിജിത് കിഷോർ പറഞ്ഞു.
ഈ പങ്കാളിത്തത്തിലൂടെ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ അതോനെറ്റ് വികസിപ്പിച്ചിട്ടുള്ള സാങ്കേതിക സംവിധാനങ്ങൾ 5ജി ഇൻഡ്സ്ട്രി 4.0 സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഉപയോഗിക്കാൻ കഴിയുമെന്ന് അതോനെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗിയാൻലൂക്ക വെറിൻ പറഞ്ഞു.