കാലിഫോർണിയ: ആഗോള സാങ്കേതിക വ്യവസായരംഗം നേരിടുന്ന സെമി കണ്ടക്‍ടർ ചിപ്പ് ക്ഷാമം ഇനിയുമേറെ നാൾ നീണ്ടുനിൽക്കുമെന്ന് കംപ്യൂട്ടർ പ്രൊസസർ ചിപ്പ് നിർമാതാക്കളായ ഇന്റലിന്റെ സി.ഇ.ഒ. പാറ്റ് ഗെൽസിങർ. 2023 വരെയെങ്കിലും അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം തുടരുമെന്നും അദ്ദേഹം പറയുന്നു.
ചിപ്പ് ക്ഷാമത്തിന്റെ ഏറ്റവും രൂക്ഷഘട്ടത്തിലാണ് നാമിപ്പോൾ. വരുന്ന ഓരോ മൂന്ന് വർഷവും ഇത് ക്രമേണ കുറഞ്ഞു വന്നേക്കും. പക്ഷെ 2023 വരെയെങ്കിലും വിതരണവും ആവശ്യവും തമ്മിലുള്ള അസന്തുലിതാവസ്ഥ നിലനിൽക്കും. അദ്ദേഹം പറഞ്ഞു.
അതേസമയം , മറ്റൊരു പ്രൊസസർ ചിപ്പ് നിർമാതാക്കളായ എ.എം.ഡിയുടെ മേധാവി ഡോ. ലിസ സു ഈ വിഷയത്തിൽ കുറച്ചുകൂടി ശുഭാപ്തിവിശ്വാസത്തിലാണ്. കുറച്ച് കാലം കൂടി വിതരണത്തിൽ പ്രശ്നം നേരിടുമെങ്കിലും അടുത്ത വർഷത്തോടെ അത് മെച്ചപ്പെടുമെന്നാണ് അവർ പറയുന്നത്. അത് പെട്ടെന്നുള്ള മാറ്റമാവില്ല. കൂടുതൽ പ്ലാന്റുകൾ വരുന്നതോടെ അത് ക്രമേണ മെച്ചപ്പെടും. ഗ്രാഫിക്സ് കാർഡ് നിർമാതാക്കളായ എൻവിഡിയയും ഇതേ പ്രതീക്ഷയിലാണ്.
അതേസമയം, ചിപ്പ് ക്ഷാമം എന്നതിലുപരി ആവശ്യമുള്ള അനുബന്ധ ഭാഗങ്ങൾ ഒരേ സമയം ലഭ്യമാവാത്തതാണ് കമ്പനികൾ നേരിടുന്ന പ്രശ്നം. ഒരു കമ്പനിയുടെ പക്കൽ സി.പി.യു. ഉണ്ടെങ്കിൽ, ചിലപ്പോൾ എൽ.സി.ഡി. ഉണ്ടാവില്ല, അല്ലെങ്കിൽ വൈഫൈ ഉണ്ടാവില്ല. ഡാറ്റാ സെന്ററുകളും പവർ ചിപ്പുകൾ, നെറ്റ്വർക്കിങ് ചിപ്പുകൾ, എതർനെറ്റ് ചിപ്പുകൾ പോലുള്ളവയുടെ ലഭ്യതക്കുറവ് നേരിടുന്നുണ്ട്.
Content Highlights: Intel CEO, Global Chip Shortage, laptop sales