ന്യൂഡൽഹി
സിൻഘു അതിർത്തിയിൽ 15ന് നടന്ന കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന സുപ്രീംകോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച നേതൃയോഗം ആവശ്യപ്പെട്ടു. സംഘർഷമുണ്ടാക്കി കർഷകസമരം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകമെന്ന് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. കൊലക്കേസിൽ പ്രതികളായവർ അംഗങ്ങളായ നിഹങ്ക് സംഘത്തിന്റെ തലവന് വിരുന്ന് നൽകിയ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ, സഹമന്ത്രി കൈലാഷ് ചൗധരി എന്നിവർ ഉടൻ രാജിവയ്ക്കണം.
നിഹങ്ക് സംഘങ്ങളുമായി സംയുക്ത കിസാൻ മോർച്ചയ്ക്ക് ബന്ധമില്ല. കർഷകരുടെ പ്രക്ഷോഭമാണ് നടക്കുന്നത്, മതപരമായ പരിപാടിയല്ല–- കിസാൻ മോർച്ച വ്യക്തമാക്കി.ലഖ്നൗവിൽ 26ന് നടത്താനിരുന്ന കിസാൻ മഹാപഞ്ചായത്ത് പ്രതികൂല കാലാവസ്ഥ കാരണം നവംബർ 22ലേക്ക് മാറ്റാൻ തീരുമാനിച്ചു. ലഖിംപുർ കൂട്ടക്കൊലയിൽ പങ്കാളിത്തമുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് 26ന് രാജ്യവ്യാപകമായി ധർണ നടത്താൻ കിസാൻമോർച്ച ആഹ്വാനം ചെയ്തു. ഡൽഹി അതിർത്തിയിലെ കർഷകസമരത്തിന് 26ന് 11 മാസം തികയും.