ബ്രസൽസ്
അഫ്ഗാനിസ്ഥാനിലെ രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക ദൗത്യത്തിൽനിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന് നാറ്റോ നേതാക്കള്‍. യുഎസ് നാറ്റോ സഖ്യത്തിന്റെ ഏറ്റവും വലിയ ദൗത്യം ഒന്നിനെയും വിലകുറച്ച് കാണരുതെന്ന പാഠമാണ് പകര്‍ന്നുതന്നതെന്ന് ബ്രസൽസിലെ സൈനിക സഖ്യത്തിന്റെ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാനെത്തിയ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.
യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും പുറത്ത് വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കണമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക അഫ്ഗാന് അനുഭവങ്ങള്‍ വിലയിരുത്തിക്കൊണ്ടാകും. എന്നാല്‍, ഭീകരതയ്ക്കെതിരായ പോരാട്ടം അവസാനിപ്പിക്കുകയോ ദൗത്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
2003ല്‍ അമേരിക്കക്കൊപ്പം ദൗത്യത്തിന്റെ ഭാഗമായെങ്കിലും 2014 മുതല്‍ നാറ്റോ സേന മുന്‍ഗണന നല്‍കിയത് അഫ്ഗാന് സൈന്യത്തെ പരിശീലിപ്പിക്കുന്നതിനായിരുന്നു. അതിന്റെ ഭാഗമായി മുപ്പതിനായിരം അംഗങ്ങളുള്ള സേനയെ സൃഷ്ടിച്ചെടുക്കാനായി. എന്നാല്‍, വര്‍ഷങ്ങളുടെ പരിശ്രമം വെറുതെയായി.
പലയിടത്തും താലിബാനുനേരെ ഒരു പ്രത്യാക്രമണവും നടത്താതെ അഫ്ഗാന് സേന കീഴടങ്ങുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരെ പോരാടുക, അൽ-ഖായ്ദയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു നാറ്റോ അഫ്ഗാന് ദൗത്യം ആരംഭിച്ചതെന്നും പിന്നീട് അന്താരാഷ്ട്ര സംഘടനകള്ക്കൊപ്പംനിന്ന് വിശാലമായ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞെന്നും സ്റ്റോൾട്ടൻബർഗ് പറഞ്ഞു.പതിറ്റാണ്ടുകളായി സംഘർഷത്തിൽ മുങ്ങിപ്പോയ ഒരു രാജ്യത്ത് ജനാധിപത്യത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ കേവലം സൈനിക പരിഹാരത്തിന് മാത്രമല്ല ശ്രമിക്കേണ്ടതെന്ന പാഠമാണ് അഫ്ഗാന് ദൗത്യത്തില്‍നിന്ന് ഉള്ക്കൊള്ളാനാകുന്നതെന്ന് ജർമൻ പ്രതിരോധമന്ത്രി ആനെഗ്രെറ്റ് ക്രാമ്പ്-കാരെൻബൗർ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ സൈനിക ലക്ഷ്യങ്ങൾ നേടിയെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ രാഷ്ട്രനിർമാണം പരാജയപ്പെട്ടെന്നും അവർ പറഞ്ഞു.