അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആദ്യമായി സിനിമ ചിത്രീകരിച്ചിരിക്കുകയാണ് റഷ്യ. ഹോളിവുഡിനെ തോൽപ്പിച്ച റഷ്യൻ ചലഞ്ചിൽ നമുക്ക് ഒറിജിനൽ സ്പേസ് സ്റ്റേഷൻ ഉടൻ കാണാം
ബഹിരാകാശത്തിൽ ആദ്യം എന്നൊരു പട്ടികയുണ്ടാക്കിയാൽ അതിൽ ഏറ്റവും കൂടുതൽ അഭിമാനിക്കാനുള്ളത് റഷ്യ ക്കായിരിക്കും. സ്പുട്നിക് എന്ന പേരിൽ ആദ്യമായി കൃത്രിമോപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത് സോവിയറ്റ് യൂണിയനാണ്. ഭൂമിയിൽനിന്ന് ആദ്യമായി ഒരു ജീവൻ ബഹിരാകാശത്ത് എത്തിയതും സോവിയറ്റ് റോക്കറ്റിൽ കയറിയാണ്. ലെയ്ക എന്ന പട്ടിയുടെ പേരിലാണ് ആ റെക്കോഡ്. ബഹിരാകാശം കണ്ട ആദ്യ പുരുഷൻ യൂറി ഗഗാറിനും ആദ്യ വനിത വാലന്റീന തെരഷ്കോവയും സോവിയറ്റ് യൂണിയന്റെ പ്രതിനിധികളായിരുന്നു.
തുടരുന്ന മത്സരം
ബഹിരാകാശത്ത് അപ്രമാദിത്തത്തിനായുള്ള മത്സരങ്ങൾക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷം ശീതയുദ്ധക്കാലത്ത് സോവിയറ്റ് യൂണിയനും യു. എസും മാത്രമായിരുന്നു അതിലെ പ്രധാന കക്ഷികൾ.
1955-ൽ ആദ്യമായി കൃത്രിമോപഗ്രഹം വിക്ഷേപിക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചത് യു.എസ്. ആണ്. എന്നാൽ, രണ്ടു വർഷത്തിനുശേഷം 1957-ൽ സ്പുട്നിക്കിനെ ഭ്രമണപഥത്തിലെത്തിച്ച് സോവിയറ്റ് യൂണിയൻ എല്ലാവരെയും ഞെട്ടിച്ചു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്‍ക്കുശേഷം റഷ്യൻ ബഹിരാകാശ ഏജൻസിക്ക് കാര്യമായി ഒന്നും ചെയ്‌യാൻ സാധിച്ചില്ല. അതിന് പ്രധാനകാരണം ഭരണകൂടത്തിൽനിന്ന് വേണ്ടത്ര സാമ്പത്തിക സഹായം ലഭിച്ചില്ല എന്നതാണ്.
അമേരിക്കയാകട്ടെ ഈ കാലമത്രയും ബഹിരാകാശത്ത് പുതിയ ദൂരങ്ങൾ പിന്നിടുകയും വലിയ പരീക്ഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു. മത്സരത്തിലേക്ക് പുതിയ കളിക്കാർ വന്നു. ചൈനയാണ് അതിൽ പ്രധാനി. പിന്നെ കളം നിറഞ്ഞത് സ്വകാര്യ സംരംഭകരാണ്. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ ചേർക്കാൻ തുടങ്ങി.
ശതകോടീശ്വരന്മാർ ബഹിരാകാശത്തേക്ക് വിനോദസഞ്ചാരം ആരംഭിച്ചു. കഴിഞ്ഞ ജൂലായ് 11-ന് ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണും സംഘവും വിനോദസഞ്ചാരികളെന്ന നിലയ്‍ക്ക് ആദ്യമായി ബഹിരാകാശം സന്ദർശിച്ചു. ദിവസങ്ങൾക്കുള്ളിൽ ജൂലായ് 20-ന് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് ടൂർ പോയി വന്നു. ഇലോൺ മസ്ക് നാലു സാധാരണക്കാരെ ബഹിരാകാശത്തേക്കയച്ച് ഇൻസ്പിരേഷൻ-4 ദൗത്യത്തിലൂടെ പിന്നെയും ലോകത്തെ അദ്ഭുതപ്പെടുത്തി.
ഈ സമയമത്രയും ചിത്രത്തിലില്ലാതിരുന്ന റഷ്യയുടെ തിരിച്ചുവരവാണ് സിനിമാ ചിത്രീകരണത്തിലൂടെ സാധ്യമായിരിക്കുന്നത്. കാരണം യു.എസ്. ഒരുവർഷം മുൻപേ ആലോചിച്ചു തുടങ്ങിയ പദ്ധതിയാണ് റഷ്യ അപ്രതീക്ഷിതമായി യാഥാർഥ്യമാക്കിയത്. ഹോളിവുഡ് താരം ടോം ക്രൂസ് ആയിരുന്നു ബഹിരാകാശത്ത് സിനിമാ ചിത്രീകരണം എന്ന ആശയവുമായി നാസയെ സമീപിച്ചത്.
ദ ചലഞ്ച്
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് ആണ് ദ ചലഞ്ച് എന്ന സിനിമയ്‍ക്കുവേണ്ടി ഈ ദൗത്യം ഏറ്റെടുത്തത്. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഒരു കോസ്മോനട്ടിന് ഹൃദയാഘാതമുണ്ടാകുന്നതും അയാളുടെ ചികിത്സയ്‍ക്കായി ഒരു വനിതാ സർജൻ ബഹിരാകാശത്തെത്തുന്നതുമാണ് കഥ.
സംവിധായകൻ ക്ലിപ് ഷിപ്പെങ്കോയെയും നായിക യൂലിയ പെരെസിൽഡിനെയും മുതിർന്ന ബഹിരാകാശ യാത്രികൻ ആന്റൺ ഷാപ്ലെറോവിനെയും വഹിച്ചുകൊണ്ട് ഒക്‍ടോബർ അഞ്ചിനാണ് സോയുസ് എം. എസ്. 19 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. കസാഖ്സ്താനിലെ ബൈകനൂർ കോസ്മോഡ്രോമിൽ നിന്നായിരുന്നു വിക്ഷേപണം.
ബഹിരാകാശത്ത് എത്തിയ ഉടനെ കൈയിൽപിടിക്കാവുന്ന ക്യാമറയുമായി ഷിപ്പെങ്കോ ചിത്രീകരണം ആരംഭിച്ചു. സ്പേസ് സ്റ്റേഷനുള്ളിൽ റഷ്യയുടെതന്നെ ബഹിരാകാശ യാത്രികനായ പിയോറ്റർ ഡുബ്രോവ് കുറച്ചുകൂടി വലിയ ക്യാമറയുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഭൂമിയിൽനിന്ന് നായികവരുന്ന നിമിഷത്തെ ഒപ്പിയെടുക്കാനായി. കഴിഞ്ഞ ഏപ്രിൽ മാസംമുതൽ സ്പേസ് സ്റ്റേഷനിലുണ്ടായിരുന്ന ഒലെഗ് നോവിറ്റ്സ്കിയാണ് രോഗാതുരനായ കോസ്മോനട്ടായി അഭിനയിച്ചത്. പന്ത്രണ്ട് ദിവസമായിരുന്നു ഷെഡ്യൂൾ. ചിത്രീകരണം പൂർത്തിയാക്കി സിനിമാ സംഘം ഒക്‍ടോബർ 17-ന് കസാഖ്സ്താനിൽത്തന്നെ തിരിച്ചിറങ്ങി. ആറുമാസമായി സ്പേസ് സ്റ്റേഷനിൽ കഴിഞ്ഞ ഒലെഗ് നോവിറ്റ്സ്കിയെയും കൂട്ടിയാണ് അവർ മടങ്ങിയെത്തിയത്.
Еще 12 дней назад никто точно не знал, как снимать кино в невесомости, но Юля Пересильд и Клим Шипенко освоились в первый же день.
За это время в Центре управления полетами ЦНИИмаш в режиме 24/7 дежурила наземная съемочная группа фильма
&mdash РОСКОСМОС (@roscosmos)
അന്താരാഷ്ട്ര ബഹിരാകാശനിലയം
ഭൂമിയെ വലംവെക്കുന്ന വലിയൊരു പേടകമാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം. ബഹിരാകാശ യാത്രികർക്ക് ഭൂമിക്ക് പുറത്ത് താമസിക്കാനും ഗവേഷണങ്ങൾ നടത്താനുമുള്ള ഇടമാണിത്. ഭൂമിയിൽ നിന്ന് പലപ്പോഴായി അയച്ച ഭാഗങ്ങൾ ബഹിരാകാശത്തുവെച്ച് യോജിപ്പിച്ചാണ് സ്പേസ് സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. 1998-ൽ റഷ്യൻ റോക്കറ്റിലാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ ആദ്യ മൊഡ്യൂൾ വിക്ഷേപിച്ചത്. 2000 നവംബർ രണ്ടിനാണ് സ്പേസ് സ്റ്റേഷനിൽ ആദ്യ സംഘമെത്തിയത്. ഭൂമിയിൽനിന്ന് ശരാശരി 250 മൈൽ അകലെയുള്ള ഭ്രമണപഥത്തിലാണ് സ്പേസ്സ്റ്റേഷൻ കറങ്ങുന്നത്. മണിക്കൂറിൽ 17,500 മൈൽ വേഗത്തിൽ. അതായത് ഒരോ 90 മിനിറ്റിലും സ്പേസ്സ്റ്റേഷൻ ഭൂമിയെ ഒരുതവണ വലംവെക്കും.
സിനിമകളിലെ ബഹിരാകാശം
ബഹിരാകാശത്തുവെച്ച് ആദ്യമായാണ് ഒരു സിനിമ ചിത്രീകരിക്കുന്നത്. പക്ഷേ, ഇതിനോടകം പല സിനിമകളിലും ബഹിരാകാശ വിസ്മയങ്ങൾ നമ്മൾ കണ്ടറിഞ്ഞിട്ടുണ്ട്. അവയൊക്കെയും കലാസംവിധാനത്തിന്റെയും സാങ്കേതികവിദ്യയുടെയും മികവിൽ ഭൂമിയിൽത്തന്നെ ചിത്രീകരിച്ചവയാണ്.
&bull 2001: എ സ്പേസ് ഒഡീസി (1968-സ്റ്റാൻലി കുബ്രിക്)
&bull അപ്പോളോ 13 (1995 -റോൺ ഹൊവാർഡ്)
&bull ഗ്രാവിറ്റി (2013-അൽഫോൺസോ ക്വാറോൺ
&bull ഇന്റർസ്റ്റെല്ലാർ (2014-ക്രിസ്റ്റഫർ നോളൻ)
&bull ദ മാർഷ്യൻ (2015 -റിഡ്ലി സ്കോട്ട്)