ന്യൂഡൽഹി
എയർഇന്ത്യ അടക്കം ദേശീയ ആസ്തികൾ വിൽക്കാനുള്ള നടപടികളിൽനിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് 10 കേന്ദ്ര ട്രേഡ് യൂണിയനും ജീവനക്കാരുടെ ഫെഡറേഷനുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. എയർഇന്ത്യ വിൽപ്പനയിൽ കോർപറേറ്റുകളും മാധ്യമങ്ങളും ആഹ്ലാദിക്കുമ്പോൾ ജനങ്ങൾ അതൃപ്തിയിലാണ്. വിൽപ്പന തീരുമാനിച്ച 2019–-2020ൽ എയർഇന്ത്യയുടെ പ്രവർത്തനലാഭം 1787 കോടി രൂപ. കടത്തിന്റെ പലിശ ഭാരവും തേയ്മാനവും ചേർത്താണ് സഞ്ചിതനഷ്ടം കണക്കാക്കിയത്.വിവിധ സർക്കാരുകളുടെ ചെയ്തികളാണ് എയർഇന്ത്യയെ നഷ്ടത്തിലാക്കിയത്. 2005–-2006ൽ ഒറ്റയടിക്ക് 111 വിമാനം വാങ്ങി. എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും ലയിപ്പിച്ചു. സ്വകാര്യകമ്പനികളെ പ്രോത്സാഹിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനത്തിന്റെ താൽപ്പര്യം സർക്കാർ അവഗണിച്ചു. ഇതെല്ലാം മൂടിവയ്ക്കാനാണ് ഇപ്പോൾ ശ്രമം.
ടാറ്റയ്ക്ക് സമ്മാനിച്ചു
കടുത്ത മത്സരം വഴിയാണ് ടാറ്റ ലേലം നേടിയതെന്ന അവകാശവാദവും ശരിയല്ല. അപേക്ഷ നൽകിയ ഏഴ് സ്ഥാപനത്തിൽ അഞ്ചെണ്ണം ആദ്യഘട്ടത്തിൽ അയോഗ്യരായി. ശേഷിച്ചതിൽ ഒന്ന് കടത്തിൽ മുങ്ങിയ സ്പൈസ് ജെറ്റാണ്. സർക്കാർ 12,906 കോടി മിനിമം വില നിശ്ചയിച്ചപ്പോൾ സ്പൈസ് ജെറ്റ് ക്വോട്ട് ചെയ്തത് 15,100 കോടി. 18,000 കോടി രൂപയ്ക്ക് എയർഇന്ത്യ വിറ്റു. എയർഇന്ത്യ, വിസ്താര, എയർ ഏഷ്യ എന്നിവയുടെ ആകെ വരുമാനം കഴിഞ്ഞവർഷം 40,500 കോടി രൂപ. രാജ്യത്തെ വ്യോമയാനമേഖലയുടെ മൊത്ത വരുമാനം 95,700 കോടി രൂപ. ടാറ്റയുടെ കൈയിൽ 42.32 ശതമാനം വരുമാനം എത്തിച്ചേരുന്നതിനാണ് എയർഇന്ത്യ വിൽപ്പന ഇടയാക്കുന്നത്. എയർഇന്ത്യയിലെ 14,000 ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായെന്നും സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നിവയും വിവിധ ഫെഡറേഷനുകളും കത്തിൽ ചൂണ്ടിക്കാട്ടി.