തിരുവനന്തപുരം
അടിക്കടി പ്രകൃതിദുരന്തം വേട്ടയാടുമ്പോഴും സംസ്ഥാനത്തിന്റെ ആവശ്യങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ നിസ്സംഗത കേരളത്തിനു തിരിച്ചടിയാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങൾ ആശ്രയിച്ച് ഫലപ്രദമായി മുന്നോട്ടുപോകാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം കൂട്ടിക്കലും കൊക്കയാറും ഉണ്ടായ ദുരന്തം തെളിയിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് കൂടുതൽ ശക്തമാകേണ്ടതുണ്ട്.
ദുരന്തമുണ്ടായ ശനിയാഴ്ചത്തെ പ്രവചനം കോട്ടയം, ഇടുക്കി ജില്ലകളിൽ നേരിയ മഴ എന്നായിരുന്നു. മഴ തീവ്രമായ ശനി രാവിലെ 10നു മാത്രമാണ് ഓറഞ്ച് മുന്നറിയിപ്പും തുടർന്ന് ഉച്ചയ്ക്ക് ചുവപ്പ് മുന്നറിയിപ്പും നൽകിയത്. മുന്നൊരുക്കത്തിനുള്ള അവസരം ഇതുവഴി നഷ്ടമായി.
2018ലെ ആദ്യ പ്രളയത്തിനുശേഷം കൂടുതൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി നൂറു സ്റ്റേഷൻ നൽകാമെന്ന് ഉറപ്പുനൽകിയിട്ടും ഇതുവരെ സ്ഥാപിച്ചത് 15 എണ്ണംമാത്രം. 100 കേന്ദ്രത്തിനുള്ള സ്ഥലം കേരളം കൈമാറിയിരുന്നു. 62 കേന്ദ്രംകൂടി സ്ഥാപിക്കാമെന്ന് ഇപ്പോൾ അറിയിപ്പു ലഭിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കാലാവസ്ഥാ റഡാറുള്ളത്.
കോഴിക്കോടുകൂടി സ്ഥാപിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. 2010ൽ പ്രസിദ്ധീകരിച്ച പ്രളയ ഭൂപടമാണ് ഇപ്പോഴും നിലവിലുള്ളത്. പുതിയ ഭൂപട നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും കേന്ദ്ര ജല കമീഷന് സംസ്ഥാനത്ത് മതിയായ റിവർഗേജ് സ്റ്റേഷനില്ലാത്തത് ഈ പ്രവർത്തനത്തെ ബാധിച്ചു. ഓഖിയെത്തുടർന്ന് ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിച്ചെങ്കിലും പ്രവർത്തനം മെച്ചപ്പെടേണ്ടതുണ്ട്.
സ്വകാര്യ കാലാവസ്ഥാ കേന്ദ്രങ്ങളുടെ സഹായംകൂടി പ്രയോജനപ്പെടുത്തിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രവർത്തിക്കുന്നത്. ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയിൽ ഡിസിഷൻ സപ്പോർട്ട് സിസ്റ്റം (ഡിഎസ്എസ്) യാഥാർഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ഒമ്പതു മാസംകൊണ്ട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഡിഎസ്എസ് സജ്ജമാകുന്നതോടെ കൂടുതൽ ഫലപ്രദമായ കാലാവസ്ഥാ പ്രവചനം സാധ്യമാകും.