ന്യൂഡൽഹി
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം സൃഷ്ടിച്ച കെടുതികളിൽ 25 മരണം. മിക്ക ഭാഗവും പ്രളയജലത്തിൽ മുങ്ങി. ആളുകൾ മണ്ണിനടിയിൽ കുടുങ്ങിയിട്ടുള്ളതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. റോഡുകളും പാലങ്ങളും റെയിൽവേ പാളങ്ങളും വീടുകളും ഒഴുകിപ്പോയി. നൈനിറ്റാളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ദേശീയ ദുരന്തനിവാരണ സേനയും (എൻഡിആർഎഫ്) കരസേനയും രക്ഷാപ്രവർത്തനത്തിനിറങ്ങി. 16 മരണം എന്നാണ് ഔദ്യോഗിക കണക്ക്.
നൈനിറ്റാളിലെ രാംഗഢാണ് മേഘവിസ്ഫോടനത്തിന്റെ കേന്ദ്രം. റോഡുകൾ ഒലിച്ചുപോയതിനാൽ നൈനിറ്റാൾ പൂർണമായും ഒറ്റപ്പെട്ടു. കരസേന ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് നടത്തുന്നത്. നൈനിറ്റാളിലെ മുക്തേശ്വറിലും ഖൈർനയിലും വീട് തകർന്ന് ഏഴ് പേർ മരിച്ചു. തിങ്കളാഴ്ച ലാൻസ്ഡൗണിൽ ഉരുൾപൊട്ടി മൂന്ന് നേപ്പാളിത്തൊഴിലാളികൾ മണ്ണിനടിയിൽപെട്ടു. ചമ്പാവതിൽ നിർമാണത്തിലിരുന്ന പാലം ഒലിച്ചുപോയതിനെത്തുടർന്ന് രണ്ട് പേര് മരിച്ചു. കേദാർനാഥിൽനിന്ന് മടങ്ങവെ കുടുങ്ങിപ്പോയ 22 തീർഥാടകരെ ദുരന്തനിവാരണ സേന രക്ഷിച്ചു.
നൈനിറ്റാൾ തടാകത്തിൽ ജലനിരപ്പ് 24 മണിക്കൂറിനുള്ളിൽ 50 സെന്റിമീറ്റർ ഉയർന്നു. മാൾറോഡും നൈനാദേവി ക്ഷേത്രവും മുങ്ങി. വൻതോതിൽ കൃഷി നശിച്ചു. സ്ഥിതി പ്രധാനമന്ത്രിയെയും കേന്ദ്രആഭ്യന്തരമന്ത്രിയെയും ധരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.രാംനഗർ–-റാണിനികേത് റോഡിലെ ലെമൺ ട്രീ റിസോർട്ടിൽ കുടുങ്ങിയ 200 പേരെ രക്ഷിച്ചുവെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക്കുമാർ അറിയിച്ചു. ചൊവ്വാഴ്ചയോടെ മഴ കുറഞ്ഞു. എന്നാൽ, കുമാവൂം മേഖലയിൽ ഓറഞ്ച് അലർട്ട് തുടരുന്നു.
ഹിമാചൽപ്രദേശിൽ 22നും 23നും മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, വടക്കുപടിഞ്ഞാറൻ രാജസ്ഥാൻ എന്നിവിടങ്ങളിലും ഇതിന്റെ സ്വാധീനം ഉണ്ടാകാം.