ന്യൂഡൽഹി > കർഷകരെ വണ്ടികയറ്റി കൊന്നതിന് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ട്രെയിന് തടഞ്ഞ് കര്ഷകര്. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഒഡിഷ, ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്നാട്, ഡൽഹി, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി മിക്ക സംസ്ഥാനത്തും കര്ഷകര് ട്രെയിനുകള് തടഞ്ഞിട്ടു. യുപിയിലും മധ്യപ്രദേശിലും നിരവധി കർഷകരെ കസ്റ്റഡിയിലെടുത്തു. 290 ട്രെയിനിനെ സമരം ബാധിച്ചു. 40 ട്രെയിന് റദ്ദാക്കി. അജയ് മിശ്രയെ പുറത്താക്കിയില്ലെങ്കിൽ വരുംദിവസങ്ങളിൽ പ്രക്ഷോഭം അതിശക്തമാക്കുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകി.
കർഷകരക്തസാക്ഷികൾക്ക് നീതിതേടി സംയുക്ത കിസാൻമോർച്ച ആഹ്വാനപ്രകാരം തിങ്കൾ പകൽ 10 മുതൽ നാലുവരെയാണ് ട്രെയിന് തടഞ്ഞത്. ഉത്തർപ്രദേശിൽ സമരം പൊളിക്കാന് പൊലീസ് കർഷകനേതാക്കളെ കരുതൽതടങ്കലിലാക്കി. ആഗ്രയിൽ കർഷകനേതാക്കളായ റാംവിർസിങ്, സൗരഭ് ചൗധ്രി, ധരംവീർ ചൗധ്രി എന്നിവരെ കസ്റ്റഡിയിൽ എടുത്തു. അസംഗഢിലും കർഷകനേതാക്കളെ തടങ്കലിലാക്കി. ദേശീയസുരക്ഷാനിയമം ചുമത്തി കേസെടുക്കുമെന്ന ഭീഷണി മുഴക്കി. ഇതൊന്നും വകവയ്ക്കാതെ കർഷകർ സമാധാനപരമായി പ്രക്ഷോഭം സംഘടിപ്പിച്ചു. യുപിയിൽ ഹാപുർ, മോഡിനഗർ, ഇറ്റാവാ, ബുലന്ദ്ശഹർ, ഒഡിഷയിൽ പുരി, കിയോൺജാർ, ബെർഹാംപുർ എന്നിവിടങ്ങളില് ആയിരങ്ങള് അണിനിരന്നു.
പഞ്ചാബിന് പുറമേ ബിജെപിയോ സഖ്യമോ ഭരിക്കുന്ന ഹരിയാന, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കർഷകരോഷം അലയടിച്ചു.
ശക്തമായ സന്ദേശം: കിസാൻസഭ
സ്വന്തം ലേഖകൻ
ന്യൂഡൽഹി > ലഖിംപുർ കൂട്ടക്കുരുതിക്ക് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതുവരെ കർഷകർ പോരാട്ടം തുടരുമെന്ന ശക്തമായ സന്ദേശമാണ് ട്രെയിന്തടയല് സമരം നൽകിയതെന്ന് അഖിലേന്ത്യാ കിസാൻസഭ.
യുപിയില് കർഷകനേതാക്കളെ കസ്റ്റഡിയിൽ എടുത്തു. റെയിൽവേ സ്റ്റേഷനുകളിൽ വലിയകാവല് ഏർപ്പെടുത്തി. ഇതൊന്നും വകവയ്ക്കാതെ കർഷകർ രാജ്യമുടനീളം സമാധാനപൂർവം പ്രക്ഷോഭത്തിൽ ഏർപ്പെട്ടു. ഉത്തരേന്ത്യയിൽ നൂറുകണക്കിന് ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദാക്കേണ്ടി വന്നു.
കേന്ദ്രമന്ത്രി അജയ്മിശ്രയെ സംരക്ഷിക്കുന്ന നരേന്ദ്ര മോദിക്കുള്ള ശക്തമായ മുന്നറിയിപ്പാണിതെന്നും കിസാൻസഭ ചൂണ്ടിക്കാട്ടി.