ന്യൂഡൽഹി > അടുത്ത വർഷം നിശ്ചയിച്ച കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നീതിപൂർവമാകാന് നെഹ്റു കുടുംബക്കാർ മത്സരിക്കാതെ മാറിനിൽക്കണമെന്ന് മുതിര്ന്ന വിമത നേതാക്കളുടെ കൂട്ടായ്മയായ ജി–-23. നെഹ്റു കുടുംബത്തിൽ നിന്നാരും മത്സരത്തിനില്ലെങ്കിൽമാത്രം ജി–-23ന്റെ പ്രതിനിധിയുണ്ടാകും–-ഒരു നേതാവ് ദേശീയ മാധ്യമത്തോട് വ്യക്തമാക്കി .
സോണിയയോ രാഹുലോ പ്രിയങ്കയോ മത്സരിക്കുകയാണെങ്കിൽ ജി–- 23 മാറിനിൽക്കും. കാരണം നെഹ്റു കുടുംബക്കാർ രംഗത്തുണ്ടെങ്കിൽ മത്സരിച്ചിട്ട് കാര്യമില്ല. 2022 ആഗസ്ത് 21 മുതൽ സെപ്തംബർ 20വരെയുളള കാലയളവിലാണ് കോൺഗ്രസിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നിശ്ചയിച്ചത്.
കഴിഞ്ഞ പ്രവർത്തകസമിതി യോഗത്തിൽ അധ്യക്ഷ പദവി വീണ്ടും ഏറ്റെടുക്കണമെന്ന് നെഹ്റു കുടുംബഭക്തർ കൂട്ടമായി ആവശ്യപ്പെട്ടെങ്കിലും രാഹുൽ നിരസിച്ചു. ആവശ്യം പരിഗണിക്കാമെന്നും ചില നേതാക്കളുടെ നിലപാടുകളിൽ തനിക്ക് വ്യക്തത വരാനുണ്ടെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതോടെയാണ് ഒരു വർഷത്തേക്ക് കൂടി പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിയത്.