പാമ്പറിവുകൾ PART 2- പാമ്പുപേടി നമ്മുടെ ചോരയിലലിഞ്ഞുപോയ പേടിയാണ്. എന്നുവെച്ചാൽ ജീനുകളിലുള്ള പേടി. അതുകൊണ്ടാണ് നമ്മൾ സ്വപ്നം കാണുമ്പോൾ ഇടയ്ക്കെല്ലാം പാമ്പുകളെ സ്വപ്നം കാണുന്നത്. ജനിതകത്തിലെ പാമ്പുപേടിയെ കുറിച്ച് വായിക്കാം
മനുഷ്യപരിണാമചരിത്രത്തിന്റെ ആദ്യകാലത്തെന്നോ നമ്മൾ മരങ്ങൾക്ക് മുകളിലായിരുന്നത്രെ താമസം. ഉയരമുള്ള ഒരിടത്ത് താമസിക്കുന്നവർക്ക് വളരെ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പേടിയാണ് താഴേക്ക് വീഴുമോ എന്നുള്ളത്. അടുത്ത പേടി വല്ലപ്പോഴും മരത്തിൽ നിന്ന് ഇറങ്ങി താഴെ വരുമ്പോൾ പുല്ലിനിടയിലും ഉണങ്ങിയ ഇലകൾക്കിടയിലുമൊക്കെ മറഞ്ഞു കിടക്കുന്ന വള്ളിപോലുള്ള മരണം – പാമ്പ്- അതിനെക്കുറിച്ച് ഉള്ളതാണ്. ആ രണ്ടുപേടിയും ആ കാലത്തുനിന്ന് പാരമ്പര്യമായി പരിണാമത്തിലൂടെ നമ്മളിൽ എത്തിയതുകൊണ്ടാണ് നമ്മൾ ഉയരത്തിൽ നിന്ന് താഴേക്കുള്ള വീഴ്ചയും പിന്നെ പാമ്പു കടിക്കാൻ വരുന്നതും നമ്മുടെ സ്വപ്നങ്ങളിൽ ഇപ്പോഴും ആവർത്തിച്ചുകാണാറുള്ളതെന്ന് കാൾ സാഗൻ എന്ന ശാസ്ത്രജ്ഞൻ പറയുന്നു.
അങ്ങനെ ഉള്ളിലുറഞ്ഞുപോയ പേടിയായതു കൊണ്ടാണ് നമ്മൾ പാമ്പിനെ കാണുമ്പോൾ ഞെട്ടിപ്പോകുന്നത്, പേടിച്ചോടുന്നത്, അല്ലെങ്കിൽ അതിനെ അടിച്ചു കൊല്ലുന്നത്. കൊന്നിട്ടും പേടി തീരാഞ്ഞിട്ടാണ് അതിനെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുന്നത്. ആ പേടി നമുക്ക് പെട്ടെന്ന് മാറ്റിയെടുക്കാൻ കഴിയില്ല. പേടി കുറയ്‍ക്കാനുള്ള ഒരേയൊരു മരുന്ന് അവയെക്കുറിച്ച് കൂടുതൽ അറിയുക എന്നുള്ളത് മാത്രമാണ്.
ഇരുട്ടിൽ ഒരു നിഴലനങ്ങിയാൽ അതിന്റെ പേടി അത് എന്താണെന്ന് അറിയുന്നതു വരെയേ നിലനില്ക്കൂ. വളർന്നു നിൽക്കുന്ന പുല്ലിനിടയിൽ ഒരനക്കം കണ്ടാൽ ഉണ്ടാകുന്ന പേടി, അതെന്താണെന്ന് മനസ്സിലാകുന്നതു വരെയേ ഉണ്ടാകൂ. അതുപോലെ, എന്താണു പാമ്പെന്നറിഞ്ഞാൽ ആ പേടി ഒട്ടൊന്നു കുറഞ്ഞു കിട്ടും.
പാമ്പുകൾ മനുഷ്യനെക്കാൾ പഴയവരാണ്, ജനിതകപരമായി പ്രായക്കൂടുതലുള്ളവർ
പതിനായിരക്കണക്കിനു വർഷങ്ങളിലൂടെയുള്ള നിരന്തരമായ പരിണാമത്തിന്റെ ഫലമായി പാമ്പുകളുടെ ശരീരം മാളത്തിനുള്ളിലെ ജീവിതത്തിന് യോജിക്കുന്ന തരത്തിൽ മെല്ലെമെല്ലെ രൂപപ്പെട്ടു വന്നു.
മാളത്തിനുള്ളിൽ ഇഴഞ്ഞുകയറുമ്പോൾ തടസ്സമാവാനിടയുള്ള, പുറത്തേക്കു നീണ്ടുനില്ക്കുന്ന അവയവങ്ങളെല്ലാം ഇല്ലാതായി. മാളത്തിൽ നിന്ന് കണ്ണിനുള്ളിൽ മണ്ണ് വീഴാതിരിക്കാൻ സ്ഥിരമായി കണ്ണട ഉപയോഗിക്കാൻ തുടങ്ങി. ( പാമ്പിന്റെ കണ്ണിനു പുറമേ ചില്ലുപോലെ സുതാര്യമായ ഒരു ആവരണമുണ്ട്. ബ്രിൽ എന്നാണ് ഇതിന്റെ പേര് ) മാളങ്ങളിൽ ഇഴഞ്ഞുകയറുമ്പോൾ വശങ്ങളിലൊക്കെ തട്ടിയും ഉള്ളിലേക്കു മണ്ണ് വീണും അപകടങ്ങളുണ്ടാകാതിരിക്കാൻ, ബാഹ്യകർണ്ണങ്ങൾ ഇല്ലാതായി. മാളത്തിനുള്ളിലെ ഇരുട്ടിൽ കണ്ണിന്റെ കാഴ്ചയേക്കാൾ പ്രാധാന്യം മണത്തിനായതുകൊണ്ട് മണംപിടിക്കാനുള്ള കഴിവ് കൂടുകയും കാണാനുള്ള കഴിവ് ഒട്ടൊന്നു കുറയുകയും ചെയ്തു.
ഇടുങ്ങിയ മാളത്തിനുള്ളിലേക്കും പുറത്തേക്കും ഇഴയുമ്പോൾ മണ്ണിലുരഞ്ഞു കേടുപാടുകൾ വരാതിരിക്കാൻ നമ്മുടെ നഖങ്ങൾ പോലെ കട്ടിയുള്ള, മിനുസമേറിയ പുറംശല്കങ്ങൾ രൂപപ്പെട്ടു.( നമ്മുടെ നഖവും മുടിയുമൊക്കെ രൂപപ്പെട്ടിരിക്കുന്ന അതേ പ്രോട്ടീൻ കൊണ്ടാണ് – കെരാറ്റിൻ- പാമ്പുകളുടെ പുറംശല്കങ്ങളും രൂപപ്പെട്ടിരിക്കുന്നത്).
ജലനഷ്ടം കുറയ്‍ക്കാൻ വേണ്ടി, മൂത്രമില്ലാതായി
ശരീരത്തിന്റെ ബാഹ്യഭാഗങ്ങൾക്ക് മാളത്തിൽ ജീവിക്കാൻ അനുയോജ്യമായ അനുകൂലനങ്ങൾ രൂപപ്പെട്ടു വന്നതുപോലെ ആന്തരികാവയവങ്ങൾക്കുമുണ്ടായി മാറ്റങ്ങൾ. ആന്തരികാവയവങ്ങൾ മുഴുവൻ, നീളമുള്ള ഒരു മാംസക്കുഴലിനുള്ളിൽ ഒതുങ്ങാൻ പാകത്തിൽ മെലിഞ്ഞു നീണ്ടു.ഇടതു ശ്വാസകോശം ചുരുങ്ങിച്ചെറുതാകുകയും വലതു ശ്വാസകോശം ഏകദേശം വാലിന്റെ തുടക്കം വരെ നീണ്ടു വളരുകയും ചെയ്തു. കരളും വൃക്കയുമൊക്കെ കുഴൽ പോലെയായി. വായയേക്കാൾ വലിയ ഇരയെ വിഴുങ്ങാൻ വേണ്ടി മേൽത്താടിയും കീഴ്ത്താടിയും തമ്മിൽ വായുടെ പിന്നറ്റത്തുള്ള കൊളുത്തിപ്പിടുത്തം ഇല്ലാതായി.
വലിയ ഇരയെ വായിലാക്കുമ്പോൾ ശ്വാസം മുട്ടാതിരിക്കാൻ നാവിനടിയിലുള്ള ഗ്ളോട്ടിസ് എന്ന കുഴലിലൂടെ ശ്വസിക്കാനുള്ള സംവിധാനമുണ്ടായി.കുടിവെള്ളം കിട്ടാൻ പ്രയാസപ്പെട്ടേക്കാമെന്നതുകൊണ്ട് ശരീരത്തിലെ ജലനഷ്ടം കുറയ്‍ക്കാൻ വേണ്ടി, മൂത്രമില്ലാതായി
ഇരയെയും ഇണയെയും അറിയുക, ശത്രുക്കളെ ഭയപ്പെടുത്തുക, കൂടെയുള്ള മറ്റംഗങ്ങളോട് ഇടത്തിനു വേണ്ടിയോ ഇണയ്‍ക്കു വേണ്ടിയോ മത്സരിക്കുക, മറ്റുള്ളവരേക്കാൾ ശക്തി തനിക്കാണ് എന്ന് അവരെ ബോദ്ധ്യപ്പെടുത്തുക ഇത്രയൊക്കെയേയുള്ളു ഒരു പാമ്പിന്റെ അടിസ്ഥാന ആവശ്യങ്ങൾ. അതുകൊണ്ട് തന്നെ അവയുടെ തലച്ചോറ് ആ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായതിനപ്പുറത്തേയ്‍ക്ക് വളർന്നുമില്ല.
ഇരയെയും ഇണയേയും നാവുനീട്ടി മണംപിടിച്ച് പാമ്പറിയും. ശത്രുക്കളെ ഫണം വിരിച്ചോ, തലയുയർത്തിയോ ചീറ്റിയോ ചാടിക്കടിക്കാനാഞ്ഞോ ഭയപ്പെടുത്തും. കൂടെയുള്ള മറ്റംഗങ്ങളോട് പലപ്പോഴും ഇണയ്ക്കോ ഇടത്തിനോ വേണ്ടി പ്രവിശ്യായുദ്ധങ്ങളിൽ ( ഇതിനെയാണ് നാം പലപ്പോഴും പാമ്പുകളുടെ ഇണചേരൽ എന്ന് വിളിക്കുന്നത്) ഏർപ്പെടും. ഈ യുദ്ധങ്ങൾ എപ്പോഴും വെറും ആചാരപരമായ യുദ്ധങ്ങൾ ആയിരിക്കുകയും ചെയ്‌യും. ( എതിരാളിയെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്‌യാറില്ല. തോൽവി സമ്മതിക്കുന്ന ആൾ മറ്റൊരു സ്ഥലത്തേക്ക് താമസം മാറും. വളരെ വളരെ അപൂർവ്വമായി മാത്രമേ ഇത്തരം ശക്തിപരീക്ഷണങ്ങളിൽ മരണമുണ്ടാവാറുള്ളു.)
പാമ്പിന്റെ തലച്ചോർ വളർച്ച
പരിണാമത്തിൽ മനുഷ്യനു മുന്നേ ഉണ്ടായ ഇത്തരം ജീവികളുടെ തലച്ചോറിന്റെ അവശിഷ്ടങ്ങൾ നമ്മുടെ തലച്ചോറിൽ ഇപ്പോഴും ബാക്കിയുണ്ടെന്നാണ് ഡോക്‍ടർ പോൾ മക്ലീനെപ്പോലെയുള്ള ശാസ്ത്രജ്ഞന്മാർ പറയുന്നത്. മക്ലീന്റെ കണ്ടെത്തൽ പ്രകാരം മനുഷ്യമസ്തിഷ്കത്തിന് മൂന്നടരുകളുണ്ട്. ഏറ്റവും ഉള്ളിൽ ഉരഗമസ്തിഷ്കം, അതിനു പുറമേ മൃഗമസ്തിഷ്കം, അതിനും പുറമേ നവമസ്തിഷ്കം. ഇങ്ങനെ ഏറ്റവും ഉള്ളിലുള്ള ആ ഉരഗമസ്തിഷ്കമാണത്രെ ഇന്നും ആൾക്കാരെക്കൊണ്ട് വഴക്കുണ്ടാക്കിപ്പിക്കുന്നത്. ചടങ്ങുകളും ആചാരങ്ങളും ചെയ്‌യിപ്പിക്കുന്നത്.ഭക്ഷണത്തിന്റെയും ഇണയുടെയും മണം ആസ്വദിപ്പിക്കുന്നത്.
അതായത്, ഒരേ ബെഞ്ചിൽ അടുത്തിരിക്കുന്നവനെ തിക്കി താഴെയിടാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതും അവർക്ക് ഇഷ്ടമുള്ള ഒരാൺകുട്ടിക്കോ പെൺകുട്ടിക്കോ വേണ്ടി വഴക്കുണ്ടാക്കിപ്പിക്കുന്നതും, ക്ളാസ്സ് ലീഡറാകാൻ ആഗ്രഹിപ്പിക്കുന്നതും ക്ളാസ്സിൽ ഒരദ്ധ്യാപകനോ അദ്ധ്യാപികയോ കടന്നുവരുമ്പോൾ എഴുന്നേറ്റു നില്ക്കാൻ പ്രേരിപ്പിക്കുന്നതും, വിദ്യാലയങ്ങളിൽ പ്രാർത്ഥനയോ ദേശീയഗാനമോ പാടിപ്പിക്കുന്നതും..അതെല്ലാം ചെയ്‌യിക്കുന്നത് ആ ഉരഗമസ്തിഷ്കത്തിന്റെ ഉള്ളിൽ നിന്നിഴഞ്ഞിറങ്ങുന്ന ചോദനകളാണ്. കെരാറ്റിനൈസ്ഡ് ചോദനകൾ .