യൂറോപ്യൻ യൂണിയനിൽ അടുത്ത അഞ്ച് വർഷത്തിനിടെ പതിനായിരത്തോളം പേരെ പുതിയ ദൗത്യമേൽപ്പിക്കാൻ ഫെയ്സ്ബുക്ക്. മെറ്റാവേഴ്സ് എന്ന സ്വപ്ന പദ്ധതി സാക്ഷാത്‌കരിക്കുന്നതിന് വേണ്ടിയാണ് ഫെയ്സ്ബുക്കിന്റെ പദ്ധതി. ഇന്റർനെറ്റിന്റെ ഭാവിയാണ് മെറ്റാവേഴ്സ് എന്നാണ് ഫെയ്സ്ബുക്ക് മേധാവി സക്കർബർഗ് പറയുന്നത്. പ്രഖ്യാപിത പദ്ധതിയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം.
ആളുകൾക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ഷെയേർഡ് വെർച്വൽ സ്പേസ് ആണ് മെറ്റാ വേഴ്സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകൾക്ക് ഈ വെർച്വൽ ലോകത്ത് പ്രവേശിക്കാനാവും. ഓരോരുത്തർക്കും വെർച്വൽ രൂപമുണ്ടാവും. പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും. ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നത്തിൽ ചിലപ്പോൾ ദൂരെയുള്ള സുഹൃത്തുക്കളും പരിചയമുള്ളവരുമെല്ലാം പ്രത്യേക്ഷപ്പെടാറില്ലേ അത് പോലെ.
ഇതിൽ വലിയൊരു ഭാവിയുണ്ടെന്നാണ് സാങ്കേതിക വിദ്യാ വ്യവസായ രംഗത്തിന്റെ കണക്കുകൂട്ടൽ. അഞ്ച് കോടി ഡോളറാണ് മെറ്റാവേഴ്സ് നിർമിക്കുന്നതിനായി ഫെയ്സ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്. റോബ്ലോക്സ് കോർപ്പ്, ഫോർട്ട്നൈറ്റ് നിർമാതാക്കളായ എപ്പിക് ഗെയിംസ് എന്നിവരും ഈ രംഗത്ത് നേരത്തെ എത്തിയവരാണ്. ഗെയിമിങ് രംഗത്താണ് മെറ്റാവേഴ്സ് എന്ന ആശയമുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ മുഖ്യമായും നടക്കുന്നത്.
ഫെയ്സ്ബുക്കിന്റെ വിർച്വൽ റിയാലിറ്റി യൂണിറ്റായ ഒക്കുവലസ് പുതിയൊരു വിർച്വൽ റിയാലിറ്റി റിമോട്ട് വർക്ക് ആപ്പ് അവതരിപ്പിച്ചിരുന്നു ക്വസ്റ്റ് 2 ഹെഡ്സെറ്റുകൾ ഉപയോഗിച്ച് സ്വന്തമായ അവതാർ രൂപങ്ങളായി ഓഫീസ് യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്ന സംവിധാനമാണിത്.
മെറ്റാവേഴ്സിന് വേണ്ടി ഒരു പ്രൊഡക്റ്റ് ടീം രൂപീകരിക്കുമെന്ന് ഫെയ്സ്ബുക്ക് ജൂലായിൽ പ്രഖ്യാപിച്ചിരുന്നു. ഫെയ്സ്ബുക്ക് റിയാലിറ്റി ലാബിന്റെ ഭാഗമായാണ് മെറ്റാവേഴ്സ് സംഘം പ്രവർത്തിക്കുക.