ദിസ്പുർ(അസം): സംഘർഷം നടക്കുന്ന ഇന്ത്യ-ചൈന അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ സേന. അരുണാചൽ പ്രദേശിലെ ചൈനയുമായുള്ള അതിർത്തിപ്രദേശത്ത് ഹെറോൺ ട്രോണുകൾ ഉൾപ്പടെ വിന്യസിച്ചാണ് ഇന്ത്യൻ സേനയുടെ നിരീക്ഷണം.
ധ്രുവ് ഹെലിക്കോപ്റ്ററും അതിന്റെ സയുധ പതിപ്പായ അഡ്വാൻസ്ഡ് ലൈറ്റ് ഹെല്കോപ്റ്ററായ രുദ്രയും ഉൾപ്പടെയുള്ള മറ്റ് പ്രതിരോധ സംവിധാനങ്ങളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ ചൈന അതിർത്തി പ്രദേശത്ത് പ്രകോപനം തീർക്കുന്ന ഇടപെടൽ നടത്തിവരികയാണ്.
സുരക്ഷാ നിരീക്ഷണത്തിന്റെ നട്ടെല്ലായാണ് ഹെറോൺ ഡ്രോണുകളെ സേന കണക്കാക്കുന്നത്. ഇസ്രായേൽ എയറോസ്പേസ് ഇൻഡസ്ട്രീസ് വികസിപ്പിച്ച മീഡിയം ആൾടിറ്റിയൂഡ് ലോങ് എൻഡ്യുറൻസ് അൺമാൻഡ് ഏരിയൽ വെഹിക്കിൾ ആണിത്.
35,000 അടി ഉയരത്തിൽ ഇതിന് പറക്കാൻ സാധിക്കും. തുടർച്ചയായ ആകാശ ദൃശ്യങ്ങൾ താഴെയുള്ള കമാൻഡർമാർക്ക് നൽകും. അതിനുസരിച്ച് താഴെ സേനയുടെ നീക്കങ്ങൾ ആസൂത്രണം ചെയ്‌യാനാവും. ഒറ്റത്തവണ 52 മണിക്കൂർ വരെ പറക്കാൻ സാധിക്കുമെന്ന് ഇത് തെളിയിച്ചിട്ടുണ്ട്.
നിലവിൽ ഇന്ത്യൻ കരസേനയുടെ അടുത്ത് നാലും, വ്യോമസേനയുടെ പക്കൽ 49 എണ്ണവും നാവിക സേനയുടെ കൈവശം 16 ഹെറോൺ ഡ്രോണുകളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാത്രിയിലും പകലും ഉപയോഗിക്കാനാവുന്ന ക്യാമറകൾ ഇതിനുണ്ട്. മോശം കാലാവസ്ഥയിലാണെങ്കിൽ പ്രദേശം മുഴവൻ നിരീക്ഷിക്കാനാവുന്ന സിന്തറ്റിക് അപ്പേർച്ചർ റഡാറും ഇതിനുണ്ട്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമിച്ച ധ്രുവ് ഹെലികോപ്റ്ററാകട്ടെ എല്ലാതരം ഓപ്പറേഷനുകളിലും സൈന്യത്തിന് പ്രയോജനപ്പെടുത്താനാകുന്ന സംവിധാനങ്ങളുള്ളതാണ്. സേനാംഗങ്ങളെ വഹിച്ചുകൊണ്ടുപോവാനും യുദ്ധത്തിനാവശ്യമായ മുഴുവൻ സാമഗ്രികൾ കൊണ്ടുപോവാനുമെല്ലാം ധ്രുവ് ഹെലിക്കോപ്റ്റർ സഹായിക്കും.
രാത്രികളിലെ രക്ഷാപ്രവർത്തനത്തിനും അനുയോജ്യമാണ് ധ്രുവ് എന്ന് ലഫ്റ്റനന്റ് കേണൽ അമിത് ധാദ്വാൾ പറയുന്നു. രാത്രികാല രക്ഷാപ്രവർത്തനത്തിലുടെ 50 ലേറെ ജീവനുകൾ രക്ഷിക്കാൻ ധ്രുവിന്റെ സഹായത്താൽ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. ധ്രുവ് ഹെലിക്കോപ്റ്ററിന്റെ ആയുധങ്ങൾ പതിപ്പിച്ച പതിപ്പാണ് രുദ്ര.
സൈന്യത്തിന്റെ കൈവശമുള്ള ചീറ്റാ ഹെലിക്കോപ്റ്ററുകൾ കഴിഞ്ഞ 50 വർഷക്കാലമായി കഴിവ് തെളിയിച്ചതാണെന്നും സൈന്യത്തിന് ഏറെ ആശ്രയിക്കാനാവുന്ന ഹെലിക്കോപ്റ്ററാണെന്നും ധാദ് വാൾ പറഞ്ഞു.