ന്യൂഡൽഹി
ഇന്ധന വിലക്കയറ്റവും പവർകട്ടുംമൂലം നട്ടംതിരിയുന്ന രാജ്യത്തെ കര്ഷകര്ക്കുമേല് ഇടിത്തീയായി രാസവളം ക്ഷാമം. ഉത്തരേന്ത്യയിലെ ഗോതമ്പ് കർഷകരടക്കം റാബി സീസണിനുള്ള വിത്തുവിതയ്ക്കലിലേക്ക് നീങ്ങവെ ക്ഷാമം രൂക്ഷമായി. തമിഴ്നാട്, കർണാടക, കേരളം അടക്കം തെക്കൻ സംസ്ഥാനങ്ങളിലും രാസവളം ആവശ്യത്തിനു കിട്ടുന്നില്ല. വില കുതിക്കുകയുമാണ്.
ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി), മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (എംഒപി) എന്നിവ കിട്ടാനില്ല. രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ വളം ഡിപ്പോകൾക്കു മുന്നിൽ കർഷകർ തമ്മിലടിക്കുന്ന വീഡിയോ പ്രചരിക്കുന്നു. രാജസ്ഥാനിൽ പലയിടത്തും നറുക്കെടുപ്പിലൂടെയാണ് വളം വിതരണം. അന്താരാഷ്ട്ര വിപണിയിൽ വളംവില ഉയരുന്നു. റിലയൻസ്, ടാറ്റ വളം കമ്പനികൾ ഇറക്കുമതി കുറച്ചു. വളം സബ്സിഡിയിൽ അടുത്തിടെ കേന്ദ്രം നേരിയ വർധന വരുത്തിയെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായില്ല. ഡിഎപി, എൻപികെഎസ് മിശ്രിതം, എംഒപി സ്റ്റോക്ക് മുൻവർഷത്തിന്റെ പകുതി മാത്രം. രാജസ്ഥാനിൽ ഒക്ടോബറിൽ ഒന്നര ലക്ഷം ടൺ എൻകെപി വേണ്ടിടത്ത് എത്തിയത് 68,000 ടൺ.
ഒക്ടോബറിലും നവംബറിലുമാണ് മിക്ക റാബി വിളകളും വിതയ്ക്കുന്നത്. ഗോതമ്പ് വിതയ്ക്കലിനു മുമ്പേ എൻകെപി ഇടണം. ഉരുളക്കിഴങ്ങ്, കടുക് തുടങ്ങിയവയ്ക്കും എൻകെപിയും പൊട്ടാഷും അനിവാര്യം. വളം പ്രതിസന്ധി മാസങ്ങൾക്കു മുമ്പേ റിപ്പോർട്ടു ചെയ്യപ്പെട്ടെങ്കിലും സർക്കാരിന്റെ ആസൂത്രണമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണമെന്ന് കിസാൻസഭ വൈസ്പ്രസിഡന്റ് വിജൂ കൃഷ്ണൻ പറഞ്ഞു. പ്രതിസന്ധി റാബി സീസണിനെ ബാധിക്കും. സർക്കാരിന്റെ സബ്സിഡി രീതി സ്വകാര്യ കമ്പനികളെ സഹായിക്കുംവിധമാണ്. കർഷകന് പ്രയോജനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പച്ചക്കറി വില കുതിക്കുന്നു
ഇന്ധനവിലവർധനയും വിളനാശവും കാരണം പച്ചക്കറിവില കുതിച്ചുയരുന്നു. ഡൽഹിയിൽ തക്കാളി, വലിയഉള്ളി വില കിലോയ്ക്ക് 60 രൂപ കടന്നു. മൊത്തക്കച്ചവടക്കാരുടെ പക്കൽനിന്ന് ചില്ലറവിൽപ്പനക്കാരുടെ അടുത്തെത്തുമ്പോൾ 10 മുതൽ 20 രൂപവരെ വില വീണ്ടും കൂടുന്നു. സാധാരണ ഗാസിപുർ മണ്ഡിയിൽ ഉള്ളി കിലോയ്ക്ക് 20–-25 രൂപയ്ക്കും തക്കാളി 30–-36 രൂപയ്ക്കും ലഭിക്കാറുണ്ട്.
എന്നാൽ, ഇപ്പോൾ മൊത്തക്കച്ചവടക്കാരുടെ അടുത്തുതന്നെ ഉള്ളിയുടെയും തക്കാളിയുടെയും വില 55–-60 രൂപ കടന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ഡൽഹിയിലേക്ക് ഉള്ളിയും തക്കാളിയും മറ്റും എത്തുന്നത്. കനത്തമഴ കാരണം ഈ സ്ഥലങ്ങളിൽ വലിയ വിളനാശമാണ് ഉണ്ടായത്. ഇന്ധനവിലവർധന കാരണം പച്ചക്കറി എത്തിക്കാനുള്ള ചെലവും ഉയർന്നു.