കൊച്ചി
സംസ്ഥാനത്ത് ഉത്തരവാദിത്വ നിക്ഷേപവും വ്യവസായവും യാഥാർഥ്യമാക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കേന്ദ്ര ലേബർ കോഡിനെക്കുറിച്ച് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) സംഘടിപ്പിച്ച ശിൽപ്പശാലയുടെ രണ്ടാംദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രം രാജ്യത്താകെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസി’നായി ശ്രമിക്കുമ്പോൾ, കേരളം വ്യവസായ സാമ്പത്തിക പുരോഗതിയിലൂടെയും സാമൂഹ്യക്ഷേമത്തിലൂടെയും ‘ഈസ് ഓഫ് ലിവിങ്’ സാധ്യമാക്കുകയാണ്. നോക്കുകൂലിക്കെതിരെയും മെച്ചപ്പെട്ട ഉൽപ്പാദനക്ഷമതയ്ക്കായും തൊഴിലാളിനേതാക്കൾ ഒരുമിക്കുമ്പോഴും താഴെത്തട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു. നിയമംവഴിമാത്രം ഇവ പരിഹരിക്കാനാകില്ല. അതിനായി ബോധവൽക്കരണം ആവശ്യമാണ്. തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും തൊഴിലുടമകളെയും ബോധവൽക്കരിക്കാൻ കിലെ മുൻകൈയെടുക്കണം.
നോക്കുകൂലി അവകാശമാണെന്നു പറയരുത്. തൊഴിൽ സംരക്ഷിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മെച്ചപ്പെട്ട കൂലി നൽകാനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സ്വകാര്യവ്യവസായങ്ങളിൽ ഉൽപ്പാദനക്ഷമതയുമായി ബന്ധപ്പെട്ട് കരാറുണ്ടാക്കാൻ സഹകരിക്കുന്ന ട്രേഡ് യൂണിയൻ പ്രവർത്തകർ, പൊതുമേഖലയിൽ ഇത്തരം സഹകരണം നൽകാത്തത് നിർഭാഗ്യകരമാണ്. ഈ സ്ഥിതി മാറണമെന്നും മന്ത്രി വ്യക്തമാക്കി.
പാലാരിവട്ടം റിനൈയിൽ ശിൽപ്പശാലയുടെ സമാപനച്ചടങ്ങിൽ കിലെ ചെയർമാൻ കെ എൻ ഗോപിനാഥ് അധ്യക്ഷനായി. എ എസ് ശശിപ്രകാശ്, മലയാലപ്പുഴ ജ്യോതിഷ്കുമാർ, ടി ഐ ബാബു, കെ എസ് മുഹമ്മദ് സിയാദ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. കെ പി രാജേന്ദ്രൻ, എം തോമസ് കടവൻ, കെ വി മധുകുമാർ, വി ജെ ജോസഫ്, അഡ്വ. എം റഹ്മത്തുള്ള, തോമസ് ജോസഫ്, സോണിയ ജോർജ് എന്നിവർ സംസാരിച്ചു. കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ് സ്വാഗതവും കെ മല്ലിക നന്ദിയും പറഞ്ഞു.