മോസ്കോ
ബഹിരാകാശത്തെ ആദ്യ സിനിമാ ചിത്രീകരണത്തിനുശേഷം റഷ്യന് സംഘം മടങ്ങിയെത്തി. ചലഞ്ച് എന്ന സിനിമയുടെ ചിത്രീകരണത്തിന് നിര്മാതാവും സംവിധായകനുമായ ക്ലിം ഷിപെന്കോയും നടി യൂലിയ പെരെസില്ഡും അഞ്ചിനാണ് റഷ്യന് ബഹിരാകാശ യാത്രികൻ ആന്റണ് ഷിപെന്കോക്കിനൊപ്പം ബഹിരാകാശത്തേക്ക് പോയത്.
ഹൃദയാഘാതത്തെ തുടര്ന്ന് ബഹിരാകാശനിലയത്തില് അകപ്പെട്ടുപോയ സഞ്ചാരിക്ക് ഭ്രമണപഥത്തിൽവച്ച് അടിയന്തര ശസ്ത്രക്രിയ നടത്താൻ വനിതാ സര്ജനെ അയക്കുന്നതാണ് സിനിമയുടെ പ്രമേയം.12 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് തങ്ങി ചിത്രീകരണം നടത്തിയ സംഘം ഞായറാഴ്ച രാവിലെയാണ് റോസ്കോസ്മോസിന്റെ സോയുസ് എംഎസ്-19 ബഹിരാകാശ വാഹനത്തില് കസഖ്സ്ഥാനില് തിരിച്ചിറങ്ങിയത്.
ഇവര്ക്കൊപ്പം പോയ യാത്രികന് നിലയത്തില് തുടരും. പകരം ആറ് മാസമായി നിലയത്തിലായിരുന്ന ഒലെഗ് നോവിറ്റ്സ്കി തിരിച്ചെത്തി. നോവിറ്റ്സ്കിയാണ് രോഗബാധിതനായ ബഹിരാകാശ യാത്രികന്റെ വേഷം ചെയ്യുന്നത്. ഭൂമിയിലെ ചിത്രീകരണം പൂർത്തിയായിട്ടില്ല.സ്പേസ് എക്സ് സ്ഥാപകന് എലണ് മസ്കിന്റെയും നാസയുടെയും സഹകരണത്തോടെ ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുമെന്ന് ഹോളിവുഡ് സൂപ്പര്താരം ടോം ക്രൂസ് പ്രഖ്യാപിച്ചിരുന്നെങ്കിലും റഷ്യ അവരെ മറികടന്നിരിക്കുകയാണ്.