യുണിഫൈഡ് പേമെന്റ് ഇന്റർഫേസ് അഥവാ യുപിഐ വഴിയുള്ള ഓൺലൈൻ പണമിടപാടുകൾക്ക് ഇന്ത്യയിൽ ഏറെ പ്രചാരമുണ്ട് ഇപ്പോൾ. തട്ടുകടകൾ മുതൽ വലിയ സൂപ്പർമാർക്കറ്റുകൾ വരെ യുപിഐ പേമെന്റിന് വേണ്ടിയുള്ള ക്യുആർ കോഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ റഷ്യയിൽ കഥവേറെയാണ്. അവിടെ ജനങ്ങൾക്ക് അവരുടെ മുഖം ഉപയോഗിച്ച് പണമടയ്‍ക്കാം. ഫേഷ്യൽ ഐഡി പേമെന്റ് സിസ്റ്റം രാജ്യ വ്യാപകമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് റഷ്യ.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മോസ്കോയിലെ 240 മെട്രോ സ്റ്റേഷനുകളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പണമിടപാട് സംവിധാനം അവതരിപ്പിച്ചത്. ഇത്തരം ഒരു നീക്കം ലോകത്ത് തന്നെ ആദ്യമാണ്.
ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഉയർത്തുന്ന സ്വകാര്യതാ പ്രശ്നങ്ങൾ ആഗോള തലത്തിൽ ചർച്ചയാവുന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ നീക്കം. ചൈനയിൽ സുരക്ഷാ ക്യാമറകളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.
മോസ്കോ നഗരത്തിൽ 1.27 കോടി ജനങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ വീഡിയോ നിരീക്ഷണ സംവിധാനമുള്ളത് ഇവിടെയാണ്. കോവിഡ് 19 ക്വാറന്റീൻ നടപ്പിലാക്കാനും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഇവിടെ ഉപയോഗിച്ചിരുന്നു.
അതേസമയം രാഷ്ട്രീയ പ്രതിഷേധ സമര പരിപാടികളിൽ പങ്കെടുക്കുന്നവരെ പിടികൂടാനും റഷ്യ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മെട്രോ സ്റ്റേഷനുകളിൽ അവതരിപ്പിച്ച പുതിയ പണമിടപാട് സംവിധാനത്തിന് ഫേസ് പേ എന്നാണ് പേര്.
അതേസമയം ഫേസ് പേ നിർബന്ധിത സേവനമല്ല. താത്‌പര്യമുള്ളവർ മാത്രം ഈ സേവനം പ്രയോജനപ്പെടുത്തിയാൽ മതിയെന്നും പണമിടപാടിനുള്ള മറ്റ് രീതികൾ നിലനിൽക്കുമെന്നും മോസ്കോയിലെ ഗതാഗത വകുപ്പ് മേധാവി മാക്സിം ലിക്സുതോവ് പറഞ്ഞു.
സേവനം പ്രയോജനപ്പെടുത്താൻ യാത്രക്കാർ അവരുടെ മുഖ ചിത്രങ്ങൾ മോസ്കോ മെട്രോ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്വന്തം ട്രാൻസ്പോർട്ട് കാർഡുകളും ബാങ്ക് കാർഡുകളുമായി ബന്ധിപ്പിക്കണം. യാത്രയ്‍ക്ക് വേണ്ട പണം നൽകാൻ യാത്രക്കാർ പ്രത്യേകം സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ നോക്കിയാൽ മാത്രം മതി.
യാത്രക്കാരുടെ വിവരങ്ങൾ സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്‌യുമെന്ന് ഗതാഗത വകുപ്പ് പറയുന്നു. എങ്കിലും സ്വകാര്യത പ്രശ്നങ്ങളിൽ ഈ പുതിയ സംവിധാനത്തിനെതിരെയും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.