ഇരിങ്ങാലക്കുട: സൈബർ ഇടങ്ങളിലെ ഡാർക്ക് വെബ് നിരീക്ഷണത്തിന് പോലീസിനെ സഹായിക്കാൻ ഇനി ഗ്രേപ്നെൽ 1.0 എന്ന സോഫ്റ്റ്വേർ.
കേരള പോലീസ് സൈബർ ഡോം നടത്തിയ ഹാക് പി ഹാക്കത്തോൺ 2021-ൽ ഈ സോഫ്റ്റ്വേറിന് ഒന്നാംസ്ഥാനം ലഭിച്ചു. സാധാരണ ഇന്റർനെറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സഹായത്തോടെ അറിയാൻ കഴിയാത്ത ഉള്ളടക്കമുള്ളതിനെയാണ് ഡാർക്ക് വെബ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇത്തരത്തിലുള്ള ഡാർക്ക് വെബ് നിരീക്ഷണ സോഫ്റ്റ്വേർ ഇസ്രയേലിലും യു.എസിലും മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇതാണ് ഇപ്പോൾ ഹാക് പി ഹാക്കത്തോണിലൂടെ കേരള പോലീസിന് ലഭിച്ചത്.
പോലീസിന് സൈബർ കുറ്റകൃത്യങ്ങൾ വളരെ എളുപ്പത്തിലും മികവേറിയ രീതിയിലും കണ്ടുപിടിക്കാൻ ഗ്രേപ്നെൽ 1.0-യ്ക്ക് സാധിക്കും.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ കംപ്യൂട്ടർ സയൻസ് രണ്ടാംവർഷ വിദ്യാർഥികളായ അദിത് പി. അനന്തൻ, ആദിത്യകൃഷ്ണൻ, അനൂപ് സിദ്ധൻ, അരുൺ ജോസഫ് എന്നീ വിദ്യാർഥികളാണ് ഗ്രേപ്നെൽ 1.0-യുടെ 24 പേരടങ്ങുന്ന ടീമിൽ മൂന്ന് വിഭാഗങ്ങളിൽ പങ്കെടുത്തത്. ഇതിലൂടെ 10 ലക്ഷം രൂപയാണ് ടീം ഗ്രാന്റായി നേടിയത്.
തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന ഹാക് പി സമ്മിറ്റ് 2021 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഡി.ജി.പി. അനിൽകാന്ത്, സൈബർ ഡോം നോഡൽ ഓഫീസർ മനോജ് എബ്രഹാം എന്നിവർ വിജയികളെ അനുമോദിച്ചു.