കൊല്ലം > ശാസ്താംകോട്ടയില് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിച്ചതില് കേസെടുത്തതിനു പിന്നാലെയും ഭീഷണിയുമായി കോണ്ഗ്രസ് നേതാവ്. പരാതി നല്കിയ ഡോക്ടറെ ആശുപത്രിക്ക് പുറത്തുവെച്ച് നേരിടുമെന്ന് കൊല്ലം ഡിസിസി സെക്രട്ടറി കാഞ്ഞിരവിള അജയകുമാര് ആശുപത്രി സുപ്രണ്ടിനോട് ഭീഷണി മുഴക്കുന്ന ശബ്ദരേഖ പുറത്തുവന്നു.
ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഡോ. ഗണേഷിനെ കഴിഞ്ഞ ദിവസം മര്ദിച്ചത്. സംഭവത്തില് ശ്രീകുമാര്, കാഞ്ഞിരംവിള അജയകുമാര്, യൂത്ത് കോണ്ഗ്രസ് നേതാവ് നിഥിന് കല്ലട എന്നിവര്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശാസ്താംകോട്ട പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ശ്രീകുമാര് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ഷഹാന മുഹമ്മദിനെ ഫോണില് വിളിച്ച് സംസാരിക്കുന്നത്.
ആദ്യം സംസാരിച്ച് തുടങ്ങിയ ശ്രീകുമാര് പിന്നീട് അജയകുമാറിന് ഫോണ് കൈമാറുകയായിരുന്നു. താന് അഭിഭാഷകനും ഡിസിസി ജനറല് സെക്രട്ടറിയുമാണെന്ന് പറഞ്ഞായിരുന്നു അജയകുമാര് സംസാരം ആരംഭിച്ചത്. പിന്നീട് മര്ദനമേറ്റ ഡോക്ടറോട് കേസ് പിന്വലിക്കാന് ആവശ്യപ്പെടണമെന്നായി. പിന്നെയായിരുന്നു ഭീഷണി മുഴക്കിയത്. ആശുപത്രിക്ക് പുറത്ത് പ്രത്യേക സുരക്ഷയൊന്നുമില്ലല്ലോ, അവിടെ വെച്ച് ഡോക്ടറെ നേരിടും എന്നാണ് അജയകുമാര് ഭീഷണിപ്പെടുത്തിയത്. തുടര്ന്ന് ആശുപത്രി സൂപ്രണ്ട് കോള് അവസാനിപ്പിക്കുകയായിരുന്നു.
……
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ശ്രീകുമാറിന്റെ നേതൃത്വത്തില് ഡോ. ഗണേഷിനെയാണ് മര്ദിച്ചത്. കിണറ്റില് വീണുമരിച്ച ശൂരനാട് വടക്ക് സ്വദേശിനി സരസമ്മ (85) യുടെ മൃതദേഹവുമായി ആശുപത്രിയിലെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഡ്യൂട്ടി ഡോക്ടറെ പുറത്തേക്കു വിളിച്ചു. ആംബുലന്സില് കയറി മരണം സ്ഥിരീകരിക്കണം എന്നായിരുന്നു ആവശ്യം. അസ്വാഭാവിക മരണം ആയതിനാല് പൊലീസിനെ അറിയിക്കണമെന്ന് ഡോക്ടര് പറഞ്ഞത് ശ്രീകുമാറിന് ഇഷ്ടമായില്ല. തുടര്ന്ന് പ്രസിഡന്റ് ഫോണില് അറിയിച്ചതിനെ തുടര്ന്ന് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടില് നൗഷാദ്, നിഥിന് കല്ലട എന്നിവരുടെ നേതൃത്വത്തില് പ്രവര്ത്തകരെത്തി ആശുപത്രിയില് ആക്രമണം നടത്തി. വിവരമറിഞ്ഞെത്തിയ പൊലീസിനെയും പിടിച്ചുതള്ളി. ഇതിനിടെയാണ് ഡോക്ടറെ മര്ദിച്ചത്. ഗണേഷിന്റെ ഫോണും തട്ടിയിട്ടു.
കോണ്ഗ്രസ് ആക്രമണത്തില് പ്രതിഷേധിച്ച് താലൂക്കാശുപത്രിയിലെ ഡോക്ടര്മാര് വെള്ളിയാഴ്ച ഒപി ബഹിഷ്കരിച്ചു. ആശുപത്രി സംരക്ഷണ നിയമം ചുമത്തി കുറ്റവാളികളെ അറസ്റ്റുചെയ്യുംവരെ താലൂക്കാശുപത്രിയില് ഒപി ബഹിഷ്കരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. സംഭവത്തില് ഐഎംഎ ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു.